തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കൊണ്ട് മാത്രം. ആരോപണ വിധേയനായ പത്തനംതിട്ട എസ്.പി. സുജിത് ദാസിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. പകരം ചുമതല നിശ്ചയിച്ചിട്ടുമില്ല.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തെ തല്‍സ്ഥാനത്ത് സംരക്ഷിച്ചുകൊണ്ട് തന്നെയാണ് അന്വേഷണം നടക്കുക. ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.
അഞ്ചംഗ പ്രത്യക അന്വേഷണ സംഘത്തെയാണ് പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് ഒഴികെ ബാക്കിയുള്ളവരെല്ലാം ആരോപണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണ്.
ഇതില്‍ തന്നെ ജി. സ്പര്‍ജന്‍ കുമാര്‍ (ഐ.ജി.പി, സൗത്ത് സോണ്‍ & സി.പി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡി.ഐ.ജി. തൃശൂര്‍ റേഞ്ച്) എന്നിവര്‍ നേരിട്ട് അജിത് കുമാറിനെ റിപ്പോര്‍ട്ട് ചെയ്യേണ്ടുന്ന ഉദ്യോഗസ്ഥരുമാണ്. എസ്. മധുസൂദനന്‍ (എസ.്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ. ഷാനവാസ് (എസ്.പി, എസ്.എസ്.ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
തിങ്കളാഴ്ച കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രിയോടെ തന്നെ ഉദ്യോസ്ഥരെ സംരക്ഷിച്ച് കൊണ്ട് തന്നെ അന്വേഷണം നടത്തുമെന്ന തരത്തില്‍ ഉത്തരവിറങ്ങുകയും ചെയ്തു.
നേരത്തെ മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഭരണപക്ഷ എം.എല്‍.എ. കൂടിയായ പി.വി. അന്‍വര്‍ ഉന്നയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് ഈ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രമക്കേടുകള്‍ അറിയുമോ എന്ന സംശയവും അന്‍വര്‍ ഉന്നയിച്ചിരുന്നു.
അന്‍വറിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ചില കണ്ടെത്തലുകളും ഇന്നലെയടക്കം ഉണ്ടായിട്ടുണ്ട്. എം.ആര്‍. അജിത് കുമാര്‍ കവടിയാര്‍ കൊട്ടാരത്തിന് സമീപം കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അവിടെ കൊട്ടാരസമാനമായ വിടിന്റെ നിര്‍മാണം നടക്കുന്നതായും ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തും കൊലപാതകവുമടക്കമുള്ള കുറ്റങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ നടത്തിയെന്നും അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
content highlights: P.V. Anwar’s revelations; Investigation is only to protect the accused