കല്‍പ്പറ്റ: സംസ്ഥാന വനനിയമഭേദഗതിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ സംഘടിപ്പിക്കുന്ന ജനകീയ യാത്രയില്‍ ഉദ്ഘാടകനായി വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍.
ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി വനനിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാനന്തവാടി മുതല്‍ വഴിക്കടവ് വരെ സംഘടിപ്പിക്കുന്ന ജനകീയ യാത്രയുടെ ഭാഗമായി പനമരത്ത് നടക്കുന്ന പൊതു സമ്മേളനമാണ് ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുക.
പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോവാന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയിലാണ് ഒരു ഡി.സി.സി പ്രസിഡന്റ് അന്‍വര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ നിയമസഭ ബില്ല് നിയമമാക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമാണ് തന്റെ ജനകീയ യാത്രയെന്നാണ് പി.വി അന്‍വര്‍ പറഞ്ഞത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അന്‍വര്‍ ദല്‍ഹിയിലെത്തിയിരുന്നു. ഈ സന്ദര്‍ശത്തിനിടയില്‍ കെ.സി വേണുഗോപാലുമായും അന്‍വര്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും വയനാടും അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ കോണ്‍ഗ്രസിന് സ്വമേധയാ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം അന്‍വര്‍, കോണ്‍ഗ്രസിലേക്ക് തിരിച്ച് വരുന്നതിന് സഖ്യകക്ഷിയായ ലീഗിന് അതൃപ്തി ഉണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവരുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാവും.
എല്‍.ഡി.എഫില്‍ നിന്ന പുറത്തുപോയ അന്‍വര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും തമിഴ്‌നാട്ടിലെ ഡി.എം.കെയുമായെല്ലാം അന്‍വര്‍ സഖ്യസാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചില്ല.
Content Highlight: P.V Anwar’s public march against forest law amendment DCC President will inaugurate the programme