നിലമ്പൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിച്ച് പി.വി. അന്‍വര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ പ്രതികരിച്ചത്.
നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്തുവെന്ന മാധ്യമ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസ്താവന.
താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് സംസാരിച്ചത്രേ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ എന്താണ് സംഭവിച്ചതെന്നും വാക്കേറ്റത്തിന്റെ കാരണത്തെ കുറിച്ചും അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ അരുവാക്കോട് വനം വകുപ്പ് ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയ എം.എല്‍.എയുടെ വാഹനം മാറ്റി പാര്‍ക്ക് ചെയ്യണമെന്ന ഉദ്യോഗസ്ഥന്റെ നിരന്തരമായ ആവശ്യമാണ് പിന്നീടങ്ങോട്ട് നടന്ന സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
സ്ഥലം എം.എല്‍.എ എന്ന നിലയില്‍ വനം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തി എന്നും പ്രോട്ടോക്കോള്‍ പ്രകാരം താന്‍ പരിപാടിയുടെ അധ്യക്ഷനാണെന്നും എം.എല്‍.എ പറഞ്ഞു.
‘എന്നാല്‍ പരിപാടി നടക്കുന്നതിനിടയില്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന എം.എല്‍.എ ബോര്‍ഡ് വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയായിരുന്നു,’ പി.വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എല്‍.എ ഇനി വാഹനം തലയില്‍ ചുമന്നോണ്ട് നടക്കണം എന്നാണോ’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെയുള്ള പ്രവര്‍ത്തികളൊന്നും അംഗീകരിച്ച് കൊടുക്കാന്‍ മനസില്ലെന്നും ഉദ്യോഗസ്ഥ തന്‍പ്രമാണിത്തമൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്നും അന്‍വറിന്റെ പ്രതികരിച്ചു.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പി.വി. അന്‍വര്‍ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചത്രേ.!
സ്ഥലം എം.എല്‍.എ എന്ന നിലയില്‍ വനം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം, വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എല്‍.എ.
പരിപാടി നടക്കുന്നതിനിടയില്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ‘എം.എല്‍.എ ബോര്‍ഡ്’ വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.
വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ,
പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എല്‍.എ ഇനി ‘വാഹനം തലയില്‍ ചുമന്നൊണ്ട് നടക്കണം’ എന്നാണോ.
ആണെങ്കില്‍,അതൊന്നും അംഗീകരിച്ച് കൊടുക്കാന്‍ മനസ്സില്ല. ഉദ്യോഗസ്ഥ തന്‍പ്രമാണിത്തമൊക്കെ കൈയ്യില്‍ വച്ചാല്‍ മതി.
Content Highlight: P.V. ANWAR responding to the controversies in the forest department programme