| Tuesday, 19th June 2018, 12:38 pm

പി.വി അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ ഇന്ന് വൈകുന്നേരത്തിനകം വറ്റിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി പഞ്ചായത്ത് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കക്കാടംപൊയിലില്‍ സ്ഥിതി ചെയ്യുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തിനകം പാര്‍ക്കിലെ നാല് കുളങ്ങളിലേയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സാഹചര്യത്തില്‍ കുന്നിനു മുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.


ALSO READ: ‘ഞാനൊരു ട്രയല്‍ ആന്റ് എറര്‍ കളിയുടെ ഭാഗമാണ്’; രോഗാവസ്ഥയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍


വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി നിര്‍മിച്ച പാര്‍ക്കില്‍ അപകടഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പാര്‍ക്കിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം വരുന്നത്. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more