കാഴ്ചകാണാനെത്തുന്നവർ ശ്രദ്ധിക്കണം, ഇനിയും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാം: പി.വി അൻവർ
Kerala News
കാഴ്ചകാണാനെത്തുന്നവർ ശ്രദ്ധിക്കണം, ഇനിയും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാം: പി.വി അൻവർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 3:54 pm

മേപ്പാടി: മുണ്ടക്കൈ – ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഇനിയും പ്രതീക്ഷിക്കണമെന്നും രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരും കാഴ്ച കാണാൻ വരുന്നവരും ശ്രദ്ധിക്കണമെന്നും പി.വി അൻവർ എം.എൽ.എ. പുഴയോരത്ത് നിന്ന് മാറി താമസിക്കാൻ നിർദേശം കിട്ടിയവർ നിർബന്ധമായും മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉരുൾപൊട്ടൽ നമുക്ക് മുൻ അനുഭവമുള്ളതാണ്. നമ്മൾ നിൽക്കുന്ന സ്ഥലത്തേക്ക് ഒരു നിമിഷം കൊണ്ട് കിലോമീറ്റർ കണക്കിന് വേഗതയിൽ വെള്ളം കുതിച്ചു കയറുന്ന ഒരു അവസ്ഥയുണ്ടാവും. കാലാവസ്ഥ ഇനിയും മോശമാവുകയാണ്. ഉരുൾപൊട്ടൽ ഇനിയും പ്രതീക്ഷിക്കാം. കാഴ്ചക്കാണാനായി ഇവിടെ നിൽക്കുന്ന ആളുകൾക്ക് എത്രത്തോളം സേഫായിട്ടുള്ള സ്ഥലത്താണ് ഉള്ളതെന്ന ധാരണ ഉണ്ടാവണം.

രക്ഷപ്രവർത്തനത്തിലുള്ളവരും, ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കുന്നവരും അത് ശ്രദ്ധിക്കേണ്ടതുണ്ട്. പുഴയോടും തോടിനോടും ചേർന്ന് താമസിക്കുന്നവർ നിർബന്ധമായും മാറി താമസിക്കണം,’അദ്ദേഹം പറഞ്ഞു.

നിലവില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.കെ. മുഹമ്മദ് റിയാസ്, കെ. രാജന്‍, ഓ.ആര്‍. കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതുവരെ 84 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 250 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരം.

സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സൈന്യത്തിന്റെ ഡോഗ് സ്‌കോഡ് വയനാട്ടിലെത്തും. വനംവകുപ്പിന്റെ ഡ്രോണ്‍ സൗകര്യങ്ങളും തെരച്ചലിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്.

സൈന്യത്തിന്റെ 200 അംഗങ്ങള്‍ മേപ്പാടിയിലെത്തിയിട്ടുണ്ട്. കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 330 അടി ഉയരമുളള താത്കാലിക പാലം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും.

 

Content Highlight: P.V. Anwar MLA About Chooralmala – Mundakai Land Slide