തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ റോവിങ് റിപ്പോര്‍ട്ടര്‍ പരിപാടിയിലെ ‘നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന വാര്‍ത്ത പരമ്പരക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിന് പിന്നാലെ, കൂടുതല്‍ പ്രതികരണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി സഭയില്‍ പരാതിയെ കുറിച്ച് സംസാരിച്ചത്.
വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് 2022 നവംബര്‍ പത്തിന് സംപ്രേക്ഷണം ചെയ്ത 14കാരിയായ പെണ്‍കുട്ടിയുടെ അഭിമുഖം കെട്ടിച്ചമച്ചതാണെന്ന പരാതി ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു പി.വി. അന്‍വറിന്റെ ഒരു ചോദ്യം.
അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ടുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ പ്രതികരണവുമായി എം.എല്‍.എ രംഗത്തുവന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെ പോലെ മുപ്പതിലേറെ വര്‍ഷമായി ഈ രംഗത്തുള്ള മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അചിന്തനീയമാണെന്നാണ് അന്‍വര്‍ പറഞ്ഞത്. ദേശാഭിമാനിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ആണ്‍കുട്ടിയെ പരിചയപ്പെടുകയും അയാള്‍ നല്‍കുന്ന എം.ഡി.എം.എ ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് എട്ടിലും ഒമ്പതിലും പഠിക്കുമ്പോള്‍ കാരിയറായി ബെംഗളൂരു വരെ പോകുന്നു.
തന്നെ പോലെ പത്തിലേറെ കുട്ടികള്‍ ഈ ട്രാപ്പില്‍ പെട്ടിട്ടുണ്ട് എന്നിങ്ങനെയാണ് ആ സ്‌റ്റോറി. കോമണ്‍ സെന്‍സുള്ള ആര്‍ക്കും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നില്ലേ, അങ്ങനെ എനിക്കും തോന്നിയതുകൊണ്ടാണ് ഇതേ കുറിച്ച് അന്വേഷിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച നാല് ചോദ്യങ്ങളും മുഖ്യമന്ത്രി നല്‍കിയ മറുപടിയും
ആ അന്വേഷണത്തിലാണ് ഇത് മുഴുവനായും ഏഷ്യാനെറ്റ് കെട്ടിച്ചമച്ചതാണെന്ന് മനസിലായത്. ഏഷ്യാനെറ്റിലെ ഒരു സ്റ്റാഫിന്റെ ബന്ധുവിന്റെ കുട്ടിയെ കൊണ്ട് പറയിപ്പിച്ചതാണ് എന്ന ചില വിവരങ്ങള്‍ കിട്ടിയപ്പോഴാണ് ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. എനിക്ക് കിട്ടിയ വിവരങ്ങള്‍ ഏതാണ്ട് ശരിയാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്,’ പി.വി. അന്‍വര്‍ പറഞ്ഞു.
ഇത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണ്. പുതിയ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളുമായി എത്തുന്ന ഒരുപാട് പേരുണ്ട്. 30 വര്‍ഷത്തോളമായി ഈ രംഗത്തുള്ള, വലിയ വ്യക്തിത്വമുള്ള, നിര്‍ഭയമായി സത്യം മാത്രമേ പറയുള്ളു എന്ന് അവകാശപ്പെടുന്ന ഏഷ്യാനെറ്റ് പോലെയുള്ള മാധ്യമത്തില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ വരുന്നത് അചിന്തനീയമാണെന്നും അന്‍വര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.
‘ഗൂഢാലോചന നടത്തി, സ്‌ക്രിപ്റ്റുണ്ടാക്കി, അഭിനയിക്കാനുള്ള കുട്ടിയെ കണ്ടെത്തി, പറ്റിയ തീം ഉണ്ടാക്കിയെല്ലാമാണ് ആ വാര്‍ത്താ പരമ്പര വന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നത് പോലും അപകടമാണ് എന്ന് ദുസൂചന നല്‍കുകയും മാതാപിതാക്കള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത വലിയ വാര്‍ത്തയാണിത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇതിന്റെ സത്യം പുറത്തുകൊണ്ടുവരാന്‍ തന്നെയാണ് എന്റെ തീരുമാനം,’ അന്‍വര്‍ എം.എല്‍.എ പറഞ്ഞു.
അതേസമയം, അന്‍വറിന്റെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടിയായി, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അഭിമുഖത്തില്‍ വിദ്യാര്‍ത്ഥിനി നടത്തിയ വെളിപ്പെടുത്തലില്‍ കണ്ണൂര്‍ പൊലീസ് അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2022 ജൂലൈയില്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കാര്യവും ഈ മറുപടിയിലുണ്ട്.
Content Highlight: P V Anvar MLA about Asianet News’s news series ‘Narcotic is a dirty Business’