കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധിക ഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഇ.ഡിയും ആദായനികുതി വകുപ്പും ചേര്‍ന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
ആദായ നികുതിവകുപ്പിന് നല്‍കിയ രേഖകളില്‍ പി.വി. അന്‍വറിന് വരുമാനമില്ലെന്നാണ് കാണിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്ത് വിവരങ്ങളില്‍ 207 ഏക്കര്‍ ഭൂമി കൈവശമുള്ളതായി പറയുന്നുണ്ട്.
ഈ സത്യപ്രസ്താവന നല്‍കിയതടക്കം ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി കെ.വി. ഷാജി ഹരജി നല്‍കിയിരിക്കുന്നത്.
ഈ വിഷയം ചൂണ്ടിക്കാട്ടി ഇ.ഡിക്കും ആദായനികുതി വകുപ്പിനും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി. വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസ് എടുക്കണം എന്ന് ലാന്റ് ബോര്‍ഡ് ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പിലാക്കിയില്ല. ഇത് ചോദ്യം ചെയ്തായിരുന്നു ഈ വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നില്‍ എത്തിയത്.
എം.എല്‍.എയും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്ത് നപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ നിര്‍ദേശം നല്‍കി ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി.
സംഭവത്തെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടു കെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു പ്രതിഷേധത്തിന് കാരണമായത്. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദിവാസികളും ഭൂരഹിതരും സമരം നടത്തുകയും ചെയ്തിരുന്നു.
അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തോടുള്ള അനാദരവാണെന്നും കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: P.V. Anwar Excess land of Anwar new petition in court