| Tuesday, 22nd October 2024, 10:25 pm

രമ്യ ഹരിദാസ് പത്താം ക്ലാസ്സുകാരി; വിദ്യാഭ്യാസമില്ലായ്മയാണ് അവരുടെ പോരായ്മ; രമ്യ ഹരിദാസിനെതിരെ വീണ്ടും പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. വിദ്യാഭ്യാസക്കുറവാണ് രമ്യ ഹരിദാസിന്റെ ഏറ്റവും വലിയ പോരായ്മയെന്നും സംവരണ മണ്ഡലത്തില്‍ ജയിക്കുന്നവര്‍ പിന്നീട് ആ മണ്ഡലത്തെ തിരിഞ്ഞ് നോക്കുന്നില്ലെന്നുമാണ് അന്‍വറിന്റെ പരാമര്‍ശം.

അന്‍വറിന്റെ സംഘടനയായ ഡൊമോക്രാറ്റിക് മൂവ്‌മെന്റിന്റെ സ്ഥാനാര്‍ഥിയായ എന്‍.കെ. സുധീറിനേക്കാള്‍ എന്ത് യോഗ്യതയാണ് രമ്യ ഹരിദാസിനുള്ളതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് ചോദിച്ചു.

പത്താം ക്ലാസാണ് രമ്യ ഹരിദാസിന്റെ വിദ്യാഭ്യാസ യോഗ്യതയെന്ന് പറഞ്ഞ അന്‍വര്‍ അങ്ങനെയുള്ള ഒരാളാണോ ഒരു കമ്മ്യൂണിറ്റിയെ മുന്നോട്ട് കൊണ്ട് വരേണ്ടതെന്നും ചോദിച്ചു. അവര്‍ക്ക് പകരം ബി.ടെക്ക് പൂര്‍ത്തിയാക്കി ഒരുപാട് കൊല്ലത്തെ എക്‌സപീരിയന്‍സ് ഉള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ആളാണ് തന്റെ സ്ഥാനാര്‍ത്ഥിയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ കമ്മ്യൂണിറ്റിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ സുധീറിനെയല്ലേ കോണ്‍ഗ്രസ് പിന്തുണയ്‌ക്കേണ്ടതെന്നും അന്‍വര്‍ ചോദിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസവും രമ്യ ഹരിദാസിനെതിരെയുള്ള അന്‍വറിന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അധികാരത്തില്‍ എത്താന് വേണ്ടി ഒരു സമുദായത്തിനെ രമ്യ ഹരിദാസ് ഉപയോഗിക്കുകയാണെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

അതേസമയം അന്‍വറിന്‍രെ പരാമര്‍ശത്തിന് ചേലക്കരയിലെ ജനങ്ങങ്ങള്‍ മറുപടി നല്‍കുമെന്നാണ് രമ്യ ഹരിദാസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലും അന്‍വര്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ശേഷം, തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിരുന്നതായും അതിനാല്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

എന്നാല്‍ ചേലക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എന്‍.കെ. സുധീറിന് യു.ഡി.എഫ് പിന്തുണ നല്‍കണമെന്ന അന്‍വറിന്റെ നിബന്ധന കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു. എന്‍.കെ. സുധീര്‍ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമാണ്.

Content Highlight: P.V. Anwar controversery statement about Ramya Haridas

Latest Stories

We use cookies to give you the best possible experience. Learn more