| Sunday, 20th October 2024, 5:15 pm

പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും; കോണ്‍ഗ്രസുമായി ചര്‍ച്ച തുടരുന്നു: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. ചേലക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എന്‍.കെ. സുധീറിന് യു.ഡി.എഫ് പിന്തുണ നല്‍കണമെന്നും അന്‍വര്‍ പറഞ്ഞു. എൻ.കെ. സുധീർ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമാണ്.

ചേലക്കര മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നും പാലക്കാട് മണ്ഡലത്തില്‍ നിന്ന് മിന്‍ഹാജ് മെദാറിനെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) പിന്‍വലിക്കാമെന്നുമാണ് അന്‍വര്‍ അറിയിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനാണ് മിന്‍ഹാജ് മെദാര്‍.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തീരുമാനം.

യു.ഡി.എഫ് നേതാക്കള്‍ അന്‍വറുമായി ഫോണില്‍ സംസാരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ ചര്‍ച്ച തുടരുന്നുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ അവസാനിപ്പിക്കാന്‍ പിന്തുണക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

തീരുമാനം യു.ഡി.എഫിലേക്ക് പോകാനുള്ള നീക്കത്തിന്റെ ഭാഗമല്ല, സംസ്ഥാനത്തെ ഭരണത്തിനെതിരായാണ് താന്‍ പോരാടുന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

നേരത്തെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണക്കുമെന്ന് പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.

നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി മത്സരിക്കുകയാണെങ്കില്‍ ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.

പാലക്കാട്-ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളി ഏറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് പുറത്താക്കിയ പി. സരിനെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും മണ്ഡലത്തിലെ ബി.ജെ.പിക്കുള്ള സ്വാധീനവും ന്യൂനപക്ഷങ്ങളുടെ വോട്ടും യു.ഡി.എഫിന് നിര്‍ണായകമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3000ത്തിലധികം വോട്ടുകള്‍ മാത്രമാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. ഇത് അന്‍വര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നതില്‍ നിര്‍ണായക ഘടകമാണ്‌.

Content Highlight: P.V.AnVar will withdraw the candidate from Palakkad constituency in the by-election

We use cookies to give you the best possible experience. Learn more