കോഴിക്കോട്: എ.ഡി.ജി.പി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. മാമി തിരോധാന കേസ് അട്ടിമറിച്ചെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മാമി തിരോധാന കേസില്‍ കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍.
മാമി തിരോധാന കേസില്‍ ഇനി ഒന്നും തെളിയിക്കാന്‍ പോകുന്നില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു. പൊലീസിലെ ഒരു വിഭാഗം ആളുകള്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണ്. എത്രയോ നിരപരാധികളായ യുവാക്കളെയാണ് മയക്കുമരുന്ന് കേസിൽ പൊലീസ് കുടുക്കിയിരിക്കുന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ഒരു സമുദായത്തെ തന്നെ മോശമാക്കി. മയക്കുമരുന്നും സ്വര്‍ണവുമെല്ലാം പിടിക്കുന്നത് കരിപ്പൂരില്‍ വെച്ചാണ്. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ ഏത് ജില്ലക്കാരാണെന്ന് പരിശോധിക്കുന്നില്ല. കുറ്റം മുഴുവന്‍ ഒരു സമുദായത്തിനും ജില്ലക്കും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ഈ പോക്ക് ശരിയല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ദി ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ചായിരുന്നു പി.വി. അന്‍വറിന്റെ പരാമര്‍ശം. സി.പി.ഐ.എമ്മാണ് കേരളത്തിലെ ഹിന്ദുത്വ ശക്തികളെ ശക്തമായി എതിര്‍ത്തതെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ തര്‍ക്കമില്ല, വാസ്തവമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നും അന്‍വര്‍ കോഴിക്കോട് ചോദിച്ചു.
അഭിമുഖത്തില്‍ മുഖ്യമന്ത്രി മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി പറഞ്ഞുവരുന്നുണ്ടെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതികരണം, കേരളത്തിലെ മനോരമയ്ക്കും മാതൃഭൂമിയ്ക്കും നല്‍കാത്തതെന്നും പി.വി. അന്‍വര്‍ ചോദിച്ചു.
ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയില്‍ 150 സ്വര്‍ണക്കടത്ത് കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. ഈ കണക്കിനെ മുന്‍നിര്‍ത്തി, കരിപ്പൂര്‍ എയര്‍പോര്‍ട്ട് നില്‍ക്കുന്നത് എവിടെയാണെന്ന് അന്‍വര്‍ ചോദ്യമുയര്‍ത്തി.
കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക മലപ്പുറത്തായിരിക്കും. എന്നാല്‍ മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ചെയ്യേണ്ടത് പിടിക്കപ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് പരിശോധിക്കുക, അയാളുടെ ജില്ലാ ഏതെന്ന് മനസിലാക്കുക എന്നതാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
നിരപരാധികളെ അറസ്റ്റ് ചെയ്ത് പൊലീസ് ഉപദ്രവിക്കുകയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മാമി തിരോധാന കേസിലെ അന്വേഷണം നിര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നും സംസ്ഥാനത്തെ ക്രിമിനല്‍വത്ക്കരണം നാടിന് ആപത്താണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മികച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്ന് മാറ്റിയെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. പൊലീസിന് നാട്ടില്‍ എം.ഡി.എ വില്‍ക്കുന്ന ജോലിയാണെന്നും അന്‍വര്‍ വിമര്‍ശിക്കുകയുണ്ടായി.
താന്‍ പകുതി കോഴിക്കോടുകാരനാണെന്നും തന്റെ ഉമ്മ കോഴിക്കോട് സ്വദേശിയാണെന്നും തന്റെ ഉപ്പ ആരാണെന്നും താന്‍ എവിടെ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രി മനസിലാക്കിയിട്ടില്ലെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് കൃത്യമായി തെളിവുകളുണ്ട്. അവ അന്വേഷണത്തിന് സംഘത്തിന് കൈമാറിയിട്ടുമുണ്ട്. എന്നാല്‍ അതൊന്നും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മുന്നിലെത്തില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു. താന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയെ സസ്പെന്‍ഡ് ചെയ്യാവുന്നതാണ്. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.
Content Highlight: P.V.Anvar says Mami disappearance case was sabotaged