| Saturday, 16th October 2021, 11:53 am

തന്നെ തിരഞ്ഞ് ആരും ടോര്‍ച്ചടിക്കേണ്ട, ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കടിച്ചാല്‍ മതി; രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.വി. അന്‍വറിന്റെ പ്രതികരണം.

നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോയ അന്‍വറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളേയും അഡ്വ. എ.ജയശങ്കറിനേയും അന്‍വര്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് വന്നാല്‍ മുതലാളിമാരും ഗുണ്ടകളും ആക്കുകയാണെന്നും എന്തുകൊണ്ടാണ് പത്ത് കൊല്ലം മുന്‍പ് ജയശങ്കര്‍ തന്നെക്കുറിച്ച് ഇത്തരം ആരോപണം ഉന്നയിക്കാതിരുന്നതെന്നും അന്‍വര്‍ ചോദിച്ചു.

വിവാദങ്ങളൊക്കെ പ്രതിപക്ഷം ഉണ്ടാക്കിയതാണെന്നും ജനങ്ങള്‍ക്കിടയില്‍ ഒരു ആക്ഷേപവുമില്ലെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വറിനെ കാണാനില്ലെന്ന് ആരോപിച്ച് ടോര്‍ച്ച് അടിച്ച് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസിനെയും പി.വി. അന്‍വര്‍ വിമര്‍ശിച്ചു. തന്നെ തിരഞ്ഞല്ല യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിക്കേണ്ടതെന്നും ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കാണെന്നും അന്‍വര്‍ പറഞ്ഞു.

” ഇന്ന് കോണ്‍ഗ്രസ് തകര്‍ന്നു. ബാക്കി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ഏജന്റാണ് കെ.സി. വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലും ഒടുവിലും കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നു. കപില്‍ സിബലിനേയും ഗുലാം നബി ആസാദിനേയും പോലുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി കോണ്‍ഗ്രസിനെ നയിക്കുകയാണ്. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിക്കാന്‍ എന്ത് യോഗ്യതയാണ് കെ.സി. വേണുഗോപാലിനുള്ളത്” അന്‍വര്‍ ചോദിച്ചു.

ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് നാളെ ബി.ജെ.പിയിലേക്ക് പോകും എന്ന് പറഞ്ഞ ആളാണെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അടിച്ചുവാരാന്‍ യോഗ്യതയില്ലാത്തയാളാണ് പുതിയ ഡി.സി.സി പ്രസിഡന്റ് എന്നും അന്‍വര്‍ പറഞ്ഞു.

എം.എല്‍.എ ആയി എന്നുള്ളതുകൊണ്ട് എല്ലാം ക്ഷമിക്കാന്‍ തനിക്കാകില്ല, പരനാറികളായ ചിലരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ എല്ലാ പ്രതികരണങ്ങളും തന്റെ അറിവോടെയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. വി.ഡി. സതീശന്‍ പറഞ്ഞ തെറികളൊന്നും പറയാന്‍ തനിക്ക് സാധിക്കില്ല. വി.ഡി. സതീശന്‍ മണി ചെയിന്‍ തട്ടിപ്പുകാരനാണ് എന്നും അദ്ദേഹത്തിന്റെ തട്ടിപ്പുകളുടെ തെളിവുകള്‍ പുറത്ത് വിടുമെന്നും അന്‍വര്‍ പ്രതികരിച്ചു.

തൊഴിലാളിയായി അധ്വാനിക്കുന്ന വ്യക്തിയാണ് താന്‍, ആഫ്രിക്കയില്‍ ബിസിനസ് നല്ല രീതിയില്‍ പോകുന്നു എന്നും പി.വി. അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: P.V Anvar Press meet, Malappuram

We use cookies to give you the best possible experience. Learn more