വന്യജീവി ആക്രമണത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി പി.വി അന്‍വര്‍
Kerala
വന്യജീവി ആക്രമണത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 8:54 am

ന്യൂദല്‍ഹി: മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കുന്നതിന് കര്‍മ പരിപാടി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹരജിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ സുപ്രീം കോടതിയില്‍. അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ മുഖേനയാണ് അദ്ദേഹം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേക നിധി രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മനുഷ്യ വന്യജീവി ആക്രമണം കുറക്കുന്നതിനുള്ള കര്‍മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു.

വന്യജീവി ആക്രമണത്തില്‍ നിരവധി ആളുകൾ കൊല്ലപ്പെട്ടെന്നും അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. വന്ധ്യംകരണത്തിലൂടെ വന്യജീവികളുടെ ജനന നിരക്ക് നിയന്ത്രിക്കണം. ഇതിന് പുറമേ ചില വന്യജീവികളെ കൊല്ലേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയ, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്യജീവികളെ വേട്ടയാടാന്‍ അനുവാദമുണ്ടെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ഇതിനായുള്ള സമഗ്ര നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോണുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച് വന്യജീവികളെ നിരീക്ഷിക്കണമെന്നും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയണമെന്നും ഹരജിയില്‍ പറയുന്നു. വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് ജീവനും സ്വത്തിനും കൃഷിക്കും നാശം സംഭവിക്കുന്നവര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു.

Content Highlight: P.V Anvar moves supreme court seeking Centre’s intervention in resolving Human Wildlife conflict