| Monday, 30th May 2022, 6:28 pm

'ഫോറം പൂരിപ്പിച്ചാല്‍ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പാസ് ലഭ്യമാകും'; രാധാകൃഷ്ണനെ നിയമസഭയിലെത്തിക്കുമെന്ന് പറഞ്ഞ ശോഭ സുരേന്ദ്രനോട് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധകൃഷ്ണനെ നിയമസഭയിലേക്കെത്തിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയമായി പി.വി. അന്‍വര്‍ എം.എല്‍.എ.

നിശ്ചിത ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള വിസിറ്റേഴ്‌സ് പാസ് ലഭ്യമാകുമെന്നാണ് പി.വി. അന്‍വര്‍ പറഞ്ഞത്. ശോഭ സുരേന്ദ്രന്റെ പ്രസ്താവനയുടെ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു പി.വി. അന്‍വറിന്റെ പ്രതികരണം.

‘ജൂണ്‍ മൂന്നാം തിയതി എറണാകുളത്ത് നിന്ന് നിയമസഭയിലേക്ക് എത്തുന്നവരുടെയും എത്തിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്.

തിരുവനന്തപുരത്തേക്കുള്ള ജന്‍ ശതാബ്ദി എക്‌സ്പ്രസ് ജൂണ്‍ മൂന്നാം തിയതിയും രാവിലെ കൃത്യം 9:43ന് തന്നെ എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. ഏതാണ്ട് 2:10-ന് ട്രിവാന്‍ഡ്രം സെന്റ്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടെ നിന്ന് നേരേ സ്റ്റേഷന്റെ മുന്നില്‍ എത്തിയാല്‍ ഓട്ടോസ്റ്റാന്റ് ഉണ്ട്. നിയമസഭയിലേക്ക് പോകണം എന്ന് അവിടുത്തെ സിറ്റി ട്രാഫിക്ക് പൊലീസിന്റെ ബുക്കിംഗ് കൗണ്ടറില്‍ പറഞ്ഞ്, രണ്ട് രൂപ് നല്‍കി ടോക്കണ്‍ എടുത്ത് നേരേ മുന്‍പില്‍ കിടക്കുന്ന ഓട്ടോയില്‍ കയറുക.നിയമസഭ വരെ എത്താന്‍ 60 രൂപയാണ് ചാര്‍ജ്.

ഗേറ്റിന്റെ മുന്നില്‍ ഇറങ്ങിയാല്‍ നിയമസഭ കാണാം. വലത് വശത്തുള്ള ഗേറ്റ് വഴി ഉള്ളില്‍ കടന്നാല്‍ വിസിറ്റേഴ്‌സ് ഹെല്‍പ് സെന്ററില്‍ എത്താം. നിശ്ചിത ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള വിസിറ്റേഴ്‌സ് പാസ് ലഭ്യമാകും,’ പി.വി. അന്‍വര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പരസ്യപ്രചാരണത്തിനു ആഘോഷ മേളങ്ങളോടെ സമാപനം. ഇന്നൊരു ദിവസം വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണമാണ്.

നാളെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകും. വെള്ളിയാഴ്ച തൃക്കാക്കരയുടെ പുതിയ പ്രതിനിധി ആരെന്ന് അറിയാം. ചെറു പ്രകടനങ്ങളായി പാലാരിവട്ടം ജംഗ്ഷനില്‍ എത്തിയ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ വൈകിട്ട് ആറ് വരെ ആടിപ്പാടിയും മുദ്രാവാക്യം മുഴക്കിയും ഒരു മാസം നീണ്ട ശബ്ദ ഘോഷങ്ങള്‍ അവസാനിപ്പിച്ചു. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണു പോളിംഗ്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനുമാണു മത്സര രംഗത്തെ പ്രമുഖര്‍.

വന്‍ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുത്താണു യു.ഡി.എഫ് പ്രതീക്ഷയെങ്കില്‍, അട്ടിമറിയിലൂടെ 100 സീറ്റ് തികയ്ക്കുകയെന്ന ലക്ഷ്യമാണ് ഇടതുമുന്നണിക്ക്.

CONTENT HIGHLIGHTS:  P.V. Anvar MLA In reply to BJP leader Sobha Surendran, in thrikkakara election comment

We use cookies to give you the best possible experience. Learn more