| Sunday, 5th March 2023, 1:57 pm

'തീന്‍മേശ മുതല്‍ ശുചിമുറി വരെ'; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കടുത്ത ജാതി വിവേചനം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതി വിവേചനങ്ങളില്‍ 2014 മുതല്‍ വലിയ വര്‍ധനവുണ്ടായതായി പി.യു.സി.എല്‍. റിപ്പോര്‍ട്ട്. ഐ.ഐ.ടി, ഐ.ഐ.എം അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ക്കും കൊഴിഞ്ഞ് പോക്കിനും കാരണം ക്യാമ്പസുകളില്‍ നിന്നും നേരിടുന്ന വിവേചനമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പി.യു.സി.എല്‍) മഹാരാഷ്ട്ര യൂനിയനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബോംബെ ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2014 മുതല്‍ 2021 വരെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്തത് 122 വിദ്യാര്‍ത്ഥികളാണ്. ഇവയില്‍ 68 ശതമാനത്തിന് മുകളിലും പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതീയമായ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അധ്യാപകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ജാതിയധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന നടപടികളാണ് സ്ഥാപന മേധാവികളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്.

ഇതുകൊണ്ട് തന്നെ ബഹുഭൂരിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ മടിക്കുകയാണ്. കാന്റീനിലെ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ശുചി മുറി മുറിയിടക്കമുള്ള ഇടങ്ങളിലും  ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്.

ഇത് ചില വിദ്യാര്‍ത്ഥികളെ മാത്രം മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുളള ആസൂത്രിത ശ്രമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംവരണം നേടിയ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വികസനത്തിന് തടസ്സമാണെന്നും നാടിന് ഭാരമാണെന്നുമുളള വാദങ്ങള്‍ അധ്യാപകര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതി വിവേചനങ്ങള്‍ തടയാനായി നടപ്പിലാക്കിയ പട്ടിക ജാതി, പട്ടിക വര്‍ഗ പരിഹാര സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കൃത്യമായ ആസൂത്രണമില്ലാതെ നാമമാത്രമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. നല്‍കിയ പരാതികളില്‍ ഭൂരിഭാഗവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പിന്‍വലിക്കേണ്ടി വരുന്നതായാണ് വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് ഐ.ഐ.ടി. ബോംബെയിലെ ബി.ടെക് വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് തൊട്ട് മുമ്പ് ദര്‍ശന്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നെന്നാണ് പിതാവ് രമേശ് ഭായ് മാധ്യമങ്ങളോട് പറഞ്ഞത്.

സോളങ്കിയുടെ പക്കല്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ക്യാമ്പസില്‍ നിന്ന് നേരിടേണ്ടി വന്ന ജാതി വിവേചനത്തെക്കുറിച്ച് ദര്‍ശന്‍ സഹപാഠികളോട് സൂചിപ്പിച്ചിരുന്നെന്ന വിവരം പിന്നീട് പുറത്ത് വന്നിരുന്നു.

Content Highlight: P.U.C.L report on dalit students suicide in I.I.T Bombay

We use cookies to give you the best possible experience. Learn more