ജയ്പൂര്‍: നക്‌സലുകളെ വളര്‍ത്തുന്നത് സര്‍ക്കാര്‍ സ്‌കൂളുകളാണെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം. രവിശങ്കറിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാനിലെ സാമൂഹിക പ്രവര്‍ത്തകരുടെ സംഘം അഭിപ്രായപ്പെട്ടു. പി.യു.സി.എല്‍ പ്രവര്‍ത്തകര്‍, ഷബ്‌നം ഹാശ്മി, വിനോദ് റെയ്‌ന, എം. ഹാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രസ്താവനയെ അപലപിക്കുകയും ആരോപണത്തിന് തെളിവ് നല്‍കാന്‍ രവിശങ്കറിനെ വെല്ലുവിളിക്കുകയും ചെയ്തു.
രവിശങ്കറിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണ്. ആറിനും പതിനാലും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് പറയുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21A യിലെ നിര്‍ദേശങ്ങള്‍ക്കെതിരാണിത്. ഈ മൗലികാവകാശം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണെന്നതിനാല്‍ പാര്‍ലമെന്റ് ഹിംസയും നക്‌സലിസവും വളര്‍ത്തുന്നു എന്ന സൂചനയാണ് രവിശങ്കറിന്റെ പ്രസ്താവന നല്‍കുന്നത്.
നക്‌സലിസം തകര്‍ക്കാനുള്ള ഒറ്റമൂലിയായി രവിശങ്കര്‍ നിര്‍ദേശിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കാനും, ഭാരതീയ സംസ്‌കൃതിയുടെ പേരില്‍ ആദര്‍ശ് സ്‌കൂളുകള്‍ രാജ്യംമുഴുവന്‍ വ്യാപിപ്പിക്കുകയും ചെയ്യണമെന്നാണ്. ഇതിലൂടെ ഗോല്‍വാക്കറും സവര്‍ക്കറും പ്രചരിപ്പിച്ച വിദ്വേഷം ആദര്‍ശ് വിദ്യാ മന്ദിരങ്ങളിലൂടെ വീണ്ടും പ്രചരിപ്പിക്കാനുള്ള ശ്രമമാണ് രവിശങ്കര്‍ നടത്തുന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇന്ത്യന്‍ എഞ്ചിനിയര്‍മാരിലും ഡോക്ടര്‍മാരിലും, നഴ്‌സുമാരിലും, ഐ.ടി പ്രഫഷണലുകളിലും , സര്‍ക്കാര്‍ ജോലിക്കാരിലും ഭൂരിഭാഗവും സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠിച്ചത്. രാജ്യത്തിന്റെ നട്ടെല്ലായ ഈ മനുഷ്യവിഭവങ്ങള്‍ നക്‌സലേറ്റുകളാണെന്നാണ് ഈ പ്രസ്താവനയിലൂടെ രവിശങ്കര്‍ പറഞ്ഞിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പുറത്തുവരുന്ന കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്നതും, സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതുമായ പ്രസ്താവന പുറത്തിറക്കിയെന്ന ആരോപണമുന്നയിച്ച് രവിശങ്കറിനെതിരെ രാജസ്ഥാനിലെ പ്രാദേശിക അഭിഭാഷകര്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, രവിശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ അധ്യാപകര്‍ രവിശങ്കറിന്റെ കോലം കത്തിച്ചു. കൂടാതെ രാജസ്ഥാന്‍ ശിക്ഷക് സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം അധ്യാപകര്‍ രവിശങ്കറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബില്‍ള ഓഡിറ്റോറിയത്തിന് മുന്നില്‍ ധര്‍ണ നടത്തി.
അതിനിടെ, താനിങ്ങനെ പറയാനുണ്ടായ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി മാധ്യമങ്ങള്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്ന് രവിശങ്കര്‍ പറഞ്ഞു.