| Wednesday, 18th July 2012, 9:29 am

ഒളിമ്പിക്‌സ് പ്രതിനിധി സംഘത്തില്‍നിന്ന് പി.ടി ഉഷയെ തടയാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിന് പോകുന്ന ഇന്ത്യയുടെ ഔദ്യാഗിക പ്രതിനിധി സംഘത്തില്‍നിന്ന് ഇന്ത്യന്‍ അത്‌ലറ്റ് പി.ടി.ഉഷയെ ഒഴിവാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലേക്ക് പോകുന്ന ഔദ്യോഗിക സംഘത്തില്‍ ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ നേരത്തെ തന്നെ ഉഷയെ അറിയിച്ചതായിരുന്നു.

എന്നാല്‍ അവസാനനിമിഷത്തില്‍ ഉഷയുടെ പേര് ലിസ്റ്റില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ പരിശീലക സംഘത്തിലാണ് പി.ടി ഉഷയുടെ പേരുള്ളത്. അക്കാരണത്താല്‍ തന്നെ ഉഷയെ ഔദ്യോഗിക സംഘത്തില്‍ നിന്നും തഴയാനാണ് തീരുമാനം.[]

എന്നാല്‍ പരിശീലക സംഘത്തില്‍ ഉഷയുണ്ടെന്ന കാര്യത്തിലും ഉറപ്പൊന്നുമില്ലെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അടിയന്തര ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ട്‌.

ഒളിമ്പിക്‌സ് ഔദ്യാഗിക സംഘത്തിന്റെ പട്ടികയില്‍ നിന്ന് ഉഷയെ നീക്കം ചെയ്തതായാണ് അറിഞ്ഞതെന്നും തീരുമാനം തിരുത്താന്‍ കായിക മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും എം.കെ. രാഘവന്‍ ഫാക്‌സ് സന്ദേശത്തില്‍ പറഞ്ഞു.

ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് എം.പിമാരും ഉദ്യോഗസ്ഥ പ്രമുഖരുമുള്‍പ്പെടെ 166 പേരാണ് പങ്കെടുത്തത്. ഇതില്‍ ഉഷയുള്‍പ്പെടെ 10 പേര്‍ മാത്രമാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങള്‍.

We use cookies to give you the best possible experience. Learn more