ടോമിന് ജി.വി രാജ പുരസ്‌കാരം നല്‍കേണ്ടതായിരുന്നു: പി.ടി. ഉഷ
DSport
ടോമിന് ജി.വി രാജ പുരസ്‌കാരം നല്‍കേണ്ടതായിരുന്നു: പി.ടി. ഉഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2013, 1:42 pm

[]കൊച്ചി: കേരള വോളിബോള്‍ താരം ടോം ജോസഫിന് ജി.വി രാജ പുരസ്‌ക്കാരം നല്‍കാത്തത് തെറ്റായിപ്പോയെന്ന് അത്‌ലറ്റ് പി.ടി ഉഷ. ടോമിന്  മുമ്പേ തന്നെ ജി.വി രാജ പുരസ്‌കാരം നല്‍കേണ്ടതായിരുന്നുവെന്നും പി.ടി. ഉഷ പ്രതികരിച്ചു.

ജി.വി രാജ പുരസ്‌ക്കാരത്തിന് നേരത്തെ തന്നെ അര്‍ഹനായ വ്യക്തിയായിരുന്നു ടോം. എന്നാല്‍ മുന്‍പു സംഭവിച്ച തെറ്റുകളാണ് ടോമിനെ തഴയാന്‍ കാരണമായത്.

കരിയറിലുടനീളം ഏറെ വിജയങ്ങള്‍ കരസ്ഥമാക്കിയ ടോമിന്റെ ആജീവനാന്ത നേട്ടങ്ങള്‍ പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നും പി.ടി. ഉഷ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതകായിക പുരസ്‌കാരമായ ജി.വി. രാജ പുരസ്‌കാരം അത്‌ലറ്റ് ടിന്റു ലൂക്കോയ്ക്കും ബാഡ്മിന്റണ്‍ താരം വി. ദിജുവിനുമാണ് ലഭിച്ചിരുന്നത്.

ടോം ജോസഫിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരമാണ് നല്‍കിയത്. ടോം ജോസിനെ ജി.വി രാജ പുരസ്‌കാരത്തിന് പരിഗണിക്കാത്ത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ടോം ജോസിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

അതേസമയം ടോമിന് പുരസ്‌കാരം ലഭിക്കാത്തതില്‍ സങ്കടമുണ്ടെന്നും തങ്ങള്‍ക്കൊപ്പം ടോമിനും പുരസ്‌കാരം നല്‍കിയാല്‍ അതു സന്തോഷം നല്‍കുമെന്നും പുസ്‌കാരത്തിന് അര്‍ഹനായ വി. ഡിജു പറഞ്ഞു.