| Wednesday, 29th December 2021, 7:29 pm

ഗാഡ്ഗില്‍ വിഷയത്തില്‍ പി.ടി. പറഞ്ഞതായിരുന്നു ശരി, അന്ന് അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ല: ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാഡ്ഗില്‍ വിഷയത്തില്‍ അന്തരിച്ച എം.എല്‍.എ പി.ടി. തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കെ.എസ്.യു സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.

പി.ടി. തോമസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നെന്നും ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ സാധിക്കാതിരുന്നത് ബാഹ്യസമ്മര്‍ദം കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘ഉള്ളിലൊന്ന് വെച്ച് പുറമേ മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവം പി.ടിക്ക് ഇല്ലായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി.ടി. നിലപാടില്‍ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹം പിന്തുണയ്ക്കണമെന്നുണ്ടായിരുന്നു. എങ്കിലും അതിന് കഴിഞ്ഞില്ല,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പി.ടി. തോമസിനൊപ്പം നില്‍ക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. ഇക്കാരണം കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുമായി അകലം പാലിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി.ടിക്ക് ഇടുക്കി സീറ്റ് പോലും നഷ്ടമായെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 22നാണ് തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന പി.ടി. തോമസ് അന്തരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അര്‍ബുദ രോഗ ബാധിതനുമായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: P.T’s words are true, I could not stand with him that day: Oommen Chandy

We use cookies to give you the best possible experience. Learn more