സുരേഷ് ഗോപിയെ നിങ്ങള്‍ വേട്ടയാടുന്നുണ്ടല്ലേ? 2024ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹം ആരെന്ന് മനസിലാകും; മാധ്യമങ്ങളോട് സുരേന്ദ്രന്‍
Kerala News
സുരേഷ് ഗോപിയെ നിങ്ങള്‍ വേട്ടയാടുന്നുണ്ടല്ലേ? 2024ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹം ആരെന്ന് മനസിലാകും; മാധ്യമങ്ങളോട് സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2023, 11:24 pm

തിരുവനന്തപുരം: ജനങ്ങളുടെ ഹൃദയത്തിലാണ് നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സൈബര്‍ പോരാളികളും സി.പി.ഐ.എമ്മും ചില മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരേഷ് ഗോപിയുടെ ജനസമ്മിതി എന്താണെന്ന്
ബോധ്യമാകുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സുരേഷ് ഗോപിയെ നിങ്ങള്‍ വല്ലാതെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട് അല്ലേ. മനസിലായി, മനസിലായി(ചിരിക്കുന്നു). ചോദ്യം മനസിലായി. സുരേഷ് ഗോപിയെ നിങ്ങള്‍ വല്ലാതെ ഭയപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അതാണ് കഴിഞ്ഞ ദിവസം ഗോവിന്ദന്റെ പ്രസ്താവന വന്നത്. സുരേഷ് ഗോപി 365 ദിവസം ഒരു സ്ഥലത്ത് താമസിച്ചാലും ജയിക്കില്ലെന്ന് ഗോവിന്ദന്‍ മാഷ് പറഞ്ഞല്ലോ. നമുക്ക് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാം.

കഴിഞ്ഞ തവണ ചെറിയ വോട്ടിനാണ് സുരേഷ് ഗോപി തോറ്റത്. സുരേഷ് ഗോപിയെ വ്യക്തിപരമായി വേട്ടയാടി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാമെന്ന സി.പി.ഐ.എമ്മിന്റെയും അവരുടെ മാധ്യമങ്ങളുടെയും സൈബര്‍ പോരാളികളുടേയും ഒന്നും ഒരു ശ്രമവും വിജയിക്കാന്‍ പോകുന്നില്ല. സുരേഷ് ഗോപി ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണ്. അത് 2024ലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിങ്ങള്‍ക്ക് ബോധ്യമാകും,’ സുരേന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയിലെ ഒരു വീട്ടമ്മക്ക് സുരേഷ് ഗോപി പശുത്തൊഴുത്ത് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ട്, അത് പാലിക്കപ്പെട്ടില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് കൈരളി ഉണ്ടാക്കിക്കൊണ്ടുവരുന്ന വിഷയത്തിന് മറുപടി ഇല്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 30 കോടി വാഗ്ദാനം ചെയ്യപ്പെട്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അരോപണത്തിലുള്ള വിജയ് പിള്ളയെ അറിയുമോ എന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വിജയ് പിള്ളയുണ്ടോ, ഉണ്ടെങ്കില്‍ ആരാണ് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.