|

അടിയന്തരാവസ്ഥ കാലത്തെന്ന പോലെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: പി. ശ്രീരാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

p.sreeramakrishnan-Mla-668തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടപോലെ ഇപ്പോഴും മാധ്യമങ്ങളുടെ വായടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തെറ്റായ പ്രവൃത്തികള്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനുനേരെയുണ്ടായ ആക്രമണം ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിനെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയകളില്‍ വ്യാജപ്രചരണം നടന്നിരുന്നു.  നികേഷിന്റെ ഭാര്യ വിവാഹമോചനത്തിന് എന്ന തരത്തില്‍ നല്‍കിയ വാര്‍ത്ത കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള വെബ്‌സൈറ്റിലൂടെയാണ് പ്രചരിച്ചത്. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും നികേഷ് കുമാര്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.പി.സി.സിക്ക് അങ്ങനെയൊരു ഔദ്യോഗിക വെബ്‌സൈറ്റില്ലെന്നാണ് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് കെ.പി.സി.സിയുടെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് പരാതി നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു.

റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ സത്യസന്ധമായ വാര്‍ത്തകള്‍ പെയ്ഡ് ന്യൂസ് ആണെന്നാണ് പി.സി വിഷ്ണുനാഥ് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞത്. ഇക്കാര്യം എന്തുകൊണ്ടാണ് അദ്ദേഹം സഭയ്ക്ക് പുറത്തുപറയാത്തത്. ഒളിക്യാമറയിലൂടെ ചിത്രീകരിച്ചെന്നു പറയുന്ന ഈ വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നല്‍കിയതിനെ അതിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.

റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഫെനി ബാലകൃഷ്ണന്റെ സംഭാഷണങ്ങളില്‍ അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയാണ് സരിതയ്ക്കുവേണ്ടി പണം നല്‍കിയതെന്ന്. ബെന്നി ബെഹന്നാന്റെയും തമ്പാനൂര്‍ രവിയുടെയും പക്കലാണ് പണം കൊടുത്തയച്ചതെന്നും പറയുന്നു. ഇത് വ്യാജ പ്രചരണമാണെങ്കില്‍ ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും എന്തുകൊണ്ടാണ് ഇത് നിഷേധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.