| Tuesday, 13th April 2021, 11:05 am

ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത; ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്തക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വാര്‍ത്ത നല്‍കിയ ക്രൈം നന്ദകുമാറിനെതിരെയാണ് സ്പീക്കറുടെ നോട്ടീസ്.

അപവാദപ്രചരണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിയ്ക്കും എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

നോട്ടീസ് കിട്ടി ഏഴുദിവസത്തിനകം സമൂഹമാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍ പ്രസ്തുത വാര്‍ത്തയും വീഡിയോയും പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം സ്റ്റോറിയിലും തുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന പ്രചാരണങ്ങള്‍ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, കുടുംബം തകര്‍ന്നുപോയി തുടങ്ങിയ ദിവാസ്വപ്നങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു നികൃഷ്ടജീവി നവമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചെന്നും പലരും അതേറ്റുപിടിച്ചെന്നും പാവപ്പെട്ട പലരും അത് വിശ്വസിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ ഒരു ആത്മഹത്യയുടേയും മുന്നില്‍ അഭയം പ്രാപിക്കുന്ന ആളല്ല താനെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഏത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ വരാമെന്ന് എന്നേ വ്യക്തമാക്കിയിട്ടുണ്ട്, നിയമസഭയിലും പുറത്തും അത് വ്യക്തമാക്കിയിട്ടുണ്ട്.

അവര്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കീഴ്വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തടസങ്ങളുമില്ല. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടുകൂടി എന്റെ മരണംപോലും പ്രതീക്ഷിക്കുന്ന, മരണം പോലും ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രചരണം കൊണ്ടുവരുന്നത് എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് കരുതുന്നില്ല.

ആ സുഹൃത്തിനോട് പറയുന്നു, നിങ്ങളതില്‍ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്. പത്താം വയസില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ ആളാണ്. 40 വര്‍ഷത്തെ കഠിനവും ശക്തവും നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത വ്യക്തിത്വമാണ്.

അതുകൊണ്ട് ഇത്തരം പ്രചരണങ്ങളുടെ മുന്നില്‍ തലകുനിച്ചുപോകുമെന്ന് പ്രതീക്ഷിക്കേണ്ട, നിങ്ങളാരുമത് വിശ്വസിക്കേണ്ടതുമില്ല. ഇതെല്ലാം ശുദ്ധ കളവാണ്, ശുദ്ധ അസംബന്ധമാണ്. പനി പിടിച്ച് വിശ്രമത്തിലായിരുന്നു. കുപ്രചരണങ്ങളെ തള്ളിക്കളയുക. ഇത്തരം അധമ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്നത് കേരളം തീരുമാനിക്കട്ടെ, എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Sreeramakrishnan Send Defamation Notice To Crime Nandakumar

We use cookies to give you the best possible experience. Learn more