തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഷാജിയുടെ പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു.
‘ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ട’, സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറെന്ന നിലയിലുള്ള പരിമിതികളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അഴീക്കോട് സ്‌കൂളുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസില്‍ സ്പീക്കര്‍ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് കെ.എം ഷാജി പറഞ്ഞിരുന്നു. തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം സ്പീക്കര്‍ നിയമസഭയില്‍ പറയണമായിരുന്നു. അല്ലെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ലെന്ന് ഷാജി പറഞ്ഞിരുന്നു.
പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നില്‍ സ്പീക്കര്‍ വിധേയനായിയെന്നും അദ്ദേഹം ആരോപിച്ചു.
അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് ഷാജിയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കുന്നത്. 2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. 2019 നവംബറിലാണ് വിജിലന്‍സ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. കോഴിക്കോട് റേഞ്ച് എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.
അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. മാര്‍ച്ച് 16 ന് തന്നെ കെ.എം ഷാജിയ്ക്കെതിരെ കേസെടുക്കുന്നതിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.
കെ.എം ഷാജിയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: