| Monday, 30th September 2024, 3:20 pm

ഒരു പോക്കിരിരാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ല; അന്‍വറിനെതിരെ പി. ശ്രീരാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ അതിര് കടന്നെന്ന് മുന്‍ സ്പീക്കറും സി.പി.ഐ.എം എം.എല്‍.എയുമായിരുന്ന പി. ശ്രീരാമകൃഷ്ണന്‍. 2016ല്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു താനെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഒരു പോക്കിരിരാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ലെന്നാണ് മുന്‍ സ്പീക്കര്‍ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

‘2016ല്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു ഞാന്‍. അത് അന്‍വറിനോടുള്ള ആരാധന മൂത്ത് ആത്മനിഷ്ഠമായിരുന്ന ഒരാഗ്രഹം മാത്രമായിരുന്നില്ല. അന്‍വറിന്റെ രീതികളെ കുറിച്ചുള്ള നല്ല ബോധ്യം കൊണ്ടായിരുന്നു.

ശരിയായാലും തെറ്റായാലും താനെടുക്കുന്ന നിലപാടുകളില്‍ ഏതറ്റം വരെയും പോകുന്ന രീതി, സൂക്ഷ്മമായി കാര്യങ്ങളെ വിലയിരുത്തി നീങ്ങാനുള്ള കൗശലം, എല്ലാം ഉള്ളതുകൊണ്ടായിരുന്നു. ഇതെനിക്ക് മനസിലായത് 2006ല്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ എത്തിയപ്പോളുണ്ടായിരുന്ന അനുഭവങ്ങളില്‍ നിന്നായിരുന്നു,’ എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന അന്‍വര്‍ ഒരിക്കല്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. വന്‍ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ താന്‍ തോല്‍ക്കുമെന്ന് പി.വി. അന്‍വര്‍ അന്ന് പറഞ്ഞുവെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നിലമ്പൂരിലെ ആര്യാടന്‍ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളുടെ കഥകളും അന്‍വര്‍ പറഞ്ഞിരുന്നു. ആ സമയം കാര്യങ്ങള്‍ ചടുലമായി വിലയിരുത്താന്‍ കഴിയുന്നതോടൊപ്പം മാനിപ്പുലേറ്റ് ചെയ്യാനും അന്‍വറിന് പറ്റുമെന്ന് മനസിലാക്കിയെന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നുവെന്നും ഒരു ഗവണ്‍മെന്റ് സംവിധാനം മുഴുവന്‍ അന്‍വറിന്റെ പിന്നില്‍ അണിനിരന്നുകൊള്ളണം എന്ന വാശി പ്രമാണിത്തമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘മലപ്പുറം ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായി പത്ത് കൊല്ലം പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. അന്നൊന്നും ഞാന്‍ പറയുന്നത് നടന്നില്ലല്ലോ എന്ന് കരുതി ‘പോക്കിരിരാജ’യാവുന്ന പ്രകൃതം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ചട്ടക്കൂടില്‍ അകത്ത് നില്‍ക്കുന്നത് ഒരു ദൗര്‍ബല്യമായിട്ടല്ല സുരക്ഷിതമായിട്ടാണ് ഞങ്ങള്‍ക്കെല്ലാം അനുഭവപ്പെട്ടത്. ഇവിടെ സ്ഥിതി മാറി,’ എന്നും ശ്രീരാമകൃഷണന്‍ അഭിപ്രായപ്പെട്ടു.

തന്റെ കണ്ടെത്തല്‍ എല്ലാവരും അംഗീകരിക്കണമെന്നും അതിന്റെ പുറകില്‍ അണിനിരക്കണമെന്നും പറയുമ്പോള്‍ അതിനര്‍ത്ഥം ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങളേയും അനുഭാവികളേയും നയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം അസ്ഥാനത്താണ് എന്നാണെന്നും മുന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.

തന്റെ വാദം സമര്‍ത്ഥിക്കാനായി കാടുകുലുക്കി കരിമ്പിന്‍ തോട്ടത്തില്‍ ആന കയറിയ പോലെ പെരുമാറുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണെന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോടൂരിലെയും കോട്ടയ്ക്കലിലെയും മുസ്‌ലിം സമൂഹവുമായി ഏറ്റവും അടുത്തിടപഴുകികൊണ്ടിരിക്കുന്ന ഇ.എന്‍. മോഹന്‍ദാസിനെ ആര്‍.എസ്.എസുകാരനാണെന്ന് ആക്ഷേപിച്ചത് ഏത് യുക്തിയിലാണെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുകയുണ്ടായി.

ഒരു രാഷ്ട്രീയ പ്രശ്‌നം വളര്‍ന്നുവരണമെങ്കില്‍ അതിനുവേണ്ട സാഹചര്യങ്ങള്‍ ഒരുങ്ങണം. അതൊന്നുമില്ലാതെ സ്വന്തം ബോധ്യത്തില്‍ നിന്ന് അന്‍വര്‍ നടത്തുന്ന ഇത്തരം വേഷങ്ങള്‍ ചരിത്രത്തില്‍ ഒഴുകി പോകുന്ന എത്രയോ പ്രളയങ്ങള്‍ക്ക് സമാനമായി ഒഴുകിയൊലിച്ച് തീരുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. താനൊരിക്കലും ഇത്തരം പ്രമാണിത്തങ്ങളില്‍ വീഴുകയില്ലെന്നും ചവിട്ടി മെതിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുകയെന്നും പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

Content Highlight: P.Sreeramakrishnan against PVAnvar

Latest Stories

We use cookies to give you the best possible experience. Learn more