Film News
അത്രക്കും റിസേര്‍ച്ച് ചെയ്താണ് കര്‍ണന്റെ സ്‌ക്രിപ്റ്റ് എഴുതിയത്, പ്രൊഡ്യൂസറെ കിട്ടിയില്ല, നിങ്ങള്‍ നിര്‍മിക്കുമോയെന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു: സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 11, 06:21 pm
Saturday, 11th February 2023, 11:51 pm

മമ്മൂട്ടിയെ നായകനാക്കി മഹാഭാരതത്തിലെ കര്‍ണനെ ആസ്പദമാക്കി സിനിമ വരുമെന്ന വാര്‍ത്തകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ സജീവമായിരുന്നു. എന്നാല്‍ ബജറ്റ് പ്രശ്‌നങ്ങളാല്‍ ഈ സിനിമ നടക്കാതെ പോവുകയായിരുന്നു. നടനും സംവിധായകനുമായ പി. ശ്രീകുമാറാണ് മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ പ്രഖ്യാപിച്ചിരുന്നത്.

ചിത്രത്തെ പറ്റിയുള്ള ശ്രീകുമാറിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മോഹന്‍ലാല്‍ ചിത്രം മരക്കാറിനെ പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചയിലാണ് കര്‍ണനെ പറ്റി ശ്രീകുമാര്‍ പറയുന്ന വീഡിയോയും കയറി വന്നത്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം കര്‍ണനെ പറ്റി പറഞ്ഞത്.

‘സിനിമ എന്ന് പറയുന്നത് ഒരാളുടെ ആവേശമായി കഴിഞ്ഞാല്‍ പിന്നെ അതിനെ നോക്കിയാല്‍ മതി. കര്‍ണനിലെ ചില സീന്‍സ് ഒക്കെ പറഞ്ഞാല്‍ എനിക്കറിയാം നിങ്ങള്‍ ഇവിടെ നിന്നും എഴുന്നേറ്റ് പോവില്ലെന്ന്. പരസ്യമായി ഒരു സിനിമയുടെ സീന്‍ എടുത്തുപറയേണ്ട എന്ന് വിചാരിച്ചിട്ടാണ്. അത്രക്കും റിസര്‍ച്ച് ചെയ്ത് ചെയ്തുവെച്ചിട്ടുണ്ട്. ഭയങ്കര ആത്മവിശ്വാസം തരുന്ന കാര്യമാണ്. പക്ഷേ കാശ് മുടക്കാനുള്ള പ്രൊഡ്യൂസറെ കിട്ടിയില്ല. പ്രൊഡ്യൂസറെ നമുക്ക് അങ്ങോട്ട് പോയി പിടിക്കാനും പറ്റില്ല.

അതിന്റെ ബജറ്റ് അങ്ങനെ വ്യക്തമായി പറയാനില്ല. 75 കോടി എങ്കിലും മുടക്കാതെ ആ സിനിമ എടുക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അടുത്തിടെ നിങ്ങള്‍ ഒരു പ്രൊഡ്യൂസറെ കണ്ടുപിടിക്കണം കേട്ടോ എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും വലിയ പണക്കാരന്‍ മമ്മൂട്ടിയാണ്, നിങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുമോയെന്ന് ചോദിച്ചു. അദ്ദേഹം അങ്ങനെ ഇങ്ങനെയൊന്നും മറുപടി പറയില്ല. നല്ല മനുഷ്യനാണ്,’ ശ്രീകുമാര്‍ പറഞ്ഞു.

Content Highlight: p sreekumar talks about mammootty’s karnan