Advertisement
Entertainment
മമ്മൂട്ടിക്കും മോഹൻലാലിനും എന്നും ഒന്നാം സ്ഥാനത്ത് നിൽക്കണം, ആരെപ്പറ്റിയും പരദൂഷണം പറയില്ല: പി. ശ്രീകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 12:17 pm
Wednesday, 5th March 2025, 5:47 pm

1968ൽ കണ്ണൂർ ഡീലക്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം ചെയ്ത നടനാണ് പി. ശ്രീകുമാർ (പരമേശ്വർ ശ്രീകുമാർ). സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 150ലധികം സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. പാഠം ഒന്ന്: ഒരു വിലാപം എന്ന മീരാ ജാസ്മിൻ ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന സർക്കാറിൻ്റെ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി സംസാരിക്കുകയാണ് പി. ശ്രീകുമാർ. ഇരുവരും ആരെപ്പറ്റിയും പരദൂഷണം പറയില്ലെന്നും എല്ലാവരും നന്നാകണമെന്നാണ് അവരുടെ ആഗ്രഹമെന്നും ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇവർക്ക് ഒന്നാം സ്ഥാനത്ത് നിൽക്കണമെന്നും പറയുകയാണ് പി. ശ്രീകുമാർ.

മോഹൻലാൽ ഗിഫ്റ്റഡ് ആർട്ടിസ്റ്റാണെന്നും എന്നാൽ മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ആളാണെന്നും കൂടി പറയുന്നുണ്ട്. മാസ്റ്റർബിൻ എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

‘ആർക്കുമില്ലാത്ത സ്വഭാവസവിശേഷത അവർക്കുണ്ട് (മമ്മൂട്ടി, മോഹൻലാൽ). ആരെപ്പറ്റിയും പരദൂഷണം പറയില്ല. എല്ലാ മനുഷ്യരും നന്നാവണം എന്നാൽ ഇവർക്ക് ഒന്നാം സ്ഥാനത്ത് നിൽക്കണം. അവരുടെ ഒന്നാം സ്ഥാനം നിലനിർത്താൻ അവർ ശ്രമിച്ച് കൊണ്ടിരിക്കും. സംസാരിക്കുമ്പോൾ തമാശകൾ കേൾക്കാനും രസിക്കാനുമാണ് അവർക്കിഷ്ടം.

വേറെയാളുകളെക്കുറിച്ച് പറഞ്ഞാൽ അത് വിടുവെന്ന് പറയും. അത്രേം നന്മയുള്ള ഹൃദയമുണ്ടെങ്കിൽ അതിൻ്റെ ഫലം കിട്ടില്ലെ? ആരുമൊന്നും അറിയാതെ അവർ പലതും ചെയ്യുന്നുണ്ട്. മോഹൻലാൽ ഗിഫ്റ്റഡ് ആർട്ടിസ്റ്റാണ്. മമ്മൂട്ടി അങ്ങനെയല്ല അയാളുടെ ജീവിതം മുഴുവൻ സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.

ഒരു നടനാകാൻ ശാസ്ത്രീയമായ ജീവിതം നയിക്കുന്നയാളാണ്. വാനപ്രസ്ഥം എന്ന് പറയുന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ കുറച്ച് പേര് കാണാൻ ചെന്നു. തമാശകൾ പറഞ്ഞിരിക്കുമ്പോഴാണ് ഷോട്ടിന് വിളിച്ചത്. അഭിനയിച്ച് കഴിഞ്ഞ് വന്നിട്ടും അദ്ദേഹം ആ കഥാപാത്രത്തിൽ മുഴുകിയിരിക്കുകയായിരുന്നു,’ പി. ശ്രീകുമാർ പറയുന്നു.

Content Highlight: P Sreekumar about Mammootty and Mohanlal