ശബരിമല: പ്രത്യേക നിയമസഭാ സമ്മേളനം ചേരണം; നാമജപം നടത്തിയവര്‍ക്കെതിരെ എടുത്ത കേസ് എഴുതിത്തള്ളണമെന്നും പി.എസ് ശ്രീധരന്‍പിള്ള
കോഴിക്കോട്: ശബരിമല വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് സി.പി.ഐ.എം പറയുന്ന സ്ഥിതിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
ശബരിമലയില്‍ നാമജപം നടത്തിയ നിരവധി വിശ്വാസികള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തിട്ടുണ്ട്. അത് എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ വൈകിവന്ന വിവേകം സുപ്രീംകോടതിയെ അറിയിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
‘സി.പി.ഐ.എമ്മിെന്റ തെരഞ്ഞെടുപ്പ് അവലോകനം ‘കുരുടന്‍ ആനയെ കണ്ടപോലെ’യാണ്. ബംഗാള്‍ മോഡലിലുള്ള തകര്‍ച്ചയിലേക്കാണ് സി.പി.ഐ.എം പോവുന്നത്.
തെരഞ്ഞെടുപ്പിന് ശേഷവും ശബരിമല ബാധിച്ചിട്ടില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മത ധ്രുവീകരണം കൊണ്ടാണ് തോറ്റതെന്ന് പറയുമ്പോള്‍ അവരുടെ തീരുമാനം തെറ്റായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാനത്ത് എവിടെയും വിജയിച്ചില്ലെങ്കിലും വോട്ട് കൂടുതല്‍ നേടാന്‍ ബി.ജെ.പിക്ക് സാധിച്ചുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ലെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയില്‍ തീരുമാനമായില്ല. സുരേന്ദ്രന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.