തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ബംഗാളി നടി ഉന്നയിച്ച വിഷയത്തെക്കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് താന്‍ കേള്‍ക്കുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും എന്നാല്‍ വിവരം കിട്ടിയാല്‍ രേഖാമൂലം പരാതിയില്ലെങ്കിലും കേസ് എടുക്കാമെന്നും പി. സതീദേവി പ്രതികരിച്ചു.
പരാതിക്കാരിക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്തണമെന്നും രഞ്ജിത്തിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി ആരോപണം തെളിയുന്ന പക്ഷം അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റണമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
‘മാധ്യമങ്ങളിലൂടെയാണ് താന്‍ ഈക്കാര്യം അറിഞ്ഞത്. ഇത്തരത്തില്‍ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച വിഷയങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന് വരുമ്പോള്‍ നല്ല രീതിയില്‍ അന്വേഷണം നടത്തി എത്ര ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ ആയാലും നടപടി എടുക്കണമെന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായം.
ആ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ല. ഇത്തരത്തില്‍ മുമ്പ് ഉയര്‍ന്ന് വന്നിട്ടുള്ള പരാതികളില്‍ പ്രമുഖരായ പല വ്യക്തികളുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ട്. അതിനാല്‍ അതിജീവിതകള്‍ക്ക് നീതി ലഭിക്കും എന്ന് തന്നെയാണ് കമ്മീഷന് പറയാനുള്ളത്,’പി. സതീദേവി പറഞ്ഞു.
രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമാണോ നടപടി എടുക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എത്ര ഉന്നതനായാലും നടപടി എടുക്കുമെന്ന് സതീദേവി മറുപടി നല്‍കി. ‘ഏതൊരു വ്യക്തിക്കെതിരായിട്ടുള്ളതാണെങ്കിലും പരാതി ലഭിച്ചാല്‍ സമഗ്രമായ അന്വേഷണം നടത്തും. അതിനാല്‍ അതിജീവിതകള്‍ പരാതിയുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് വരണം,’ സതീദേവി പ്രതികരിച്ചു.
അതേസമയം സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവരും രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ രാജി കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി അവരില്‍ നിന്ന് പരാതി വാങ്ങാനുള്ള സാധ്യതകള്‍ പരിശോധിച്ച് അതില്‍ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
Content Highlight: P. Sati Devi says Action can be taken even if the complaint is not received in written format in allegation against Ranjith