| Monday, 28th October 2019, 12:17 pm

വാളയാര്‍ കേസില്‍ 'ആത്മഹത്യ' എന്ന വാക്ക് ഉള്‍പ്പെടുത്തിയത് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍; ജനാധിപത്യ മഹിളാ അസോസിയേഷനിലെ വിവാദ പ്രമേയത്തില്‍ പി. സതീദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു പരാമര്‍ശിക്കുന്ന പ്രമേയത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതികരിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവി.അസോസിയേഷന്‍ ഇന്നലെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് വിവാദ പരാമര്‍ശമുള്ളത്.

എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് പ്രമേയത്തില്‍ ആത്മഹത്യ എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സതീദേവി ഡൂള്‍ന്യൂസിനോടു പറഞ്ഞു. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതു നിര്‍ബന്ധമായും അപ്പീല്‍ ഫയല്‍ ചെയ്യണമെന്നാണെന്നും അവര്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ ഭാഗത്തുനിന്നാണോ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നാണോ വീഴ്ച പറ്റിയിട്ടുള്ളതെന്ന കാര്യത്തില്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷമേ പ്രതികരിക്കാനാവൂ എന്നും സതീദേവി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത് പോക്‌സോ നിയമം അനുസരിച്ചിട്ടാണ്. ഈ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന അഭിപ്രായത്തില്‍, അതു സംബന്ധിച്ചുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്, 376 പ്രകാരം.

അതിനെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണാക്കുറ്റമാണു പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. എഫ്.ഐ.ആറില്‍ അങ്ങനെയാണെന്നാണു മനസ്സിലാക്കിയിട്ടുള്ളത്. അപ്പോള്‍ അതുകൊണ്ടാണ് ആത്മഹത്യ എന്ന വാക്ക് പ്രമേയത്തില്‍ വന്നിട്ടുണ്ടാവുക.

ഞങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതു നിര്‍ബന്ധമായും അപ്പീല്‍ ഫയല്‍ ചെയ്യണമെന്നാണ്. പുനരന്വേഷണം നടത്തണമെങ്കില്‍ കോടതി തന്നെ നിര്‍ദ്ദേശിക്കണം.

അന്വേഷണത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ അതു കോടതിക്കു നിര്‍ദ്ദേശിക്കാവുന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ കോടതിക്കു മാത്രമേ അതിലൊരു നിര്‍ദ്ദേശം കൊടുക്കാന്‍ കഴിയൂ.

പുനരന്വേഷണം ആവശ്യമാകുന്നത് അന്വേഷണം ഏതെങ്കിലുമൊരു ഘട്ടത്തില്‍ തെറ്റായ വഴിയില്‍ നടന്നിട്ടുണ്ടെങ്കിലാണ്. അങ്ങനെയെങ്കില്‍ കോടതിക്കു പുനരന്വേഷണത്തിനു നിര്‍ദ്ദേശിക്കാം. ഈ ഘട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത് കേസില്‍ അപ്പീല്‍ പോകണമെന്നാണ്.

പൊലീസിന്റെ ഭാഗത്തുനിന്നാണോ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നാണോ വീഴ്ച പറ്റിയിട്ടുള്ളത് എന്ന് വിധിപകര്‍പ്പ് കിട്ടിയ ശേഷമേ ഞങ്ങള്‍ക്കു പ്രതികരിക്കാനാവൂ.’- സതീദേവി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പ്രമേയത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇരുവരുടെയും മരണം കൊലപാതകമാണെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് മുഖ്യ ഭരണകക്ഷിയായ സി.പി.ഐ.എമ്മിന്റെ ഭാഗമായ വനിതാ സംഘടന മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പ്രമേയം അവതരിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രമേയത്തില്‍ പറയുന്നതിങ്ങനെ: ‘പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പള്ളത് എട്ടും പതിനൊന്നും വയസുള്ള ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.’

പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ തീര്‍ച്ചപ്പെടുത്തിയത് എങ്ങനെയാണെന്നു ചോദിക്കുന്ന തരത്തില്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു.

We use cookies to give you the best possible experience. Learn more