തിരുവനന്തപുരം: ആലുവയില്‍ സ്ത്രീധന പീഡനത്തെതുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി.
അത്മചെയ്ത മോഫിയ പര്‍വിനോട് ആലുവ സി.ഐ. മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിരുന്നുവെന്ന് സതീദേവി പറഞ്ഞു.
പരാതിയില്‍ മാനസിക പീഡനം ഉണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് കമ്മീഷന് പരാതി നല്‍കിയതെന്നും സതീദേവി പറഞ്ഞു.
സംഭവത്തില്‍ കൃത്യമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. സി.ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക.
എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ടായിരുന്നു.