തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്സില്‍ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വിമര്‍ശനം അപഹാസ്യവും വികലമായതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി.
ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താന്‍ പറഞ്ഞപ്പോള്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിന് വന്ന കമന്റ് എന്നാല്‍ പിന്നെ വനിതാ കമ്മീഷന്‍ ഓഫീസിനടുത്ത് ലേബര്‍ വാര്‍ഡ് തുറക്കണമെന്നായിരുന്നുവെന്നും സതീദേവി പറഞ്ഞു.
വളരെ അപഹാസ്യവും തികച്ചും വികലമായ രീതിയില്‍ ഇത്തരം വിഷയങ്ങളെ നോക്കി കാണുന്ന പ്രവണതയാണ് സാക്ഷര സുന്ദരവും സാംസ്‌കാരിക പ്രബുദ്ധതയും എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഉള്ളതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
പുതിയ പാഠ്യപദ്ധതി മതവിശ്വാസത്തെയും ധാര്‍മികതയെയും തകര്‍ക്കുമെന്നും, കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നും രണ്ടത്താണി ചോദിച്ചു. കണ്ണൂരില്‍ യു.ഡി.എഫിന്റെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയാല്‍ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം.
ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താല്‍ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്‌കാരം? ഇവര്‍ക്കാവശ്യം എന്താണ്? ധാര്‍മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്.
സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,” എന്നാണ് പ്രസംഗത്തില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്.