|

പി. സദാശിവം തമിഴ്‌നാട് നോമിനി: കേസുകളില്‍ കേരളത്തിന് തിരിച്ചടിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

sathasivam[]തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നോമിനിയായാണ് സദാശിവം ഗവര്‍ണറാകുന്നതെന്ന ആക്ഷേപം കൂടി ഉയര്‍ന്നതോടെ കേരള, തമിഴ്‌നാട് തര്‍ക്ക വിഷയങ്ങളില്‍ കേരളത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം-ആളിയാര്‍, നെയ്യാര്‍ തുടങ്ങി നദീജല കരാറുകളുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കെയാണ്  തമിഴ്‌നാട് സര്‍ക്കാരിന്റെ നോമിനി കേരള ഗവര്‍ണറാകുന്നത്.

കൂടാതെ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശവും നദീജല കരാറുകളും ഉള്‍പ്പെടെ കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളിലും ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങളിലും ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടിന് ഏറെ പ്രാധാന്യമുണ്ട്. നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണങ്ങളില്‍ വരെ ഗവര്‍ണറുടെ ഇടപെടല്‍ നിര്‍ണായകമാണ്. സുപ്രീംകോടതി അസാധുവാക്കിയെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം കേരളം നേരത്തെ പാസാക്കിയ ഡാം സുരക്ഷാ നിയമം നിര്‍ണായകമായിരുന്നു.

ഷീലാ ദീക്ഷിത് രാജിവെച്ച ഒഴിവിലാണ് പി. സദാശിവത്തിന്റെ പേര് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ചയാള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിതനാകുന്ന കീഴ്‌വഴക്കം ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.