| Thursday, 26th July 2018, 11:49 am

തിരികെ പാര്‍ട്ടിയിലെത്തുന്നത് അഭിമാനകരം; കഴിഞ്ഞ ഏഴു വര്‍ഷവും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയിരുന്നെന്നും പി. ശശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുന്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ പി. ശശി പ്രതികരിച്ചു.

തനിക്കിത് അഭിമാനമുഹൂര്‍ത്തമാണെന്നും തെറ്റുകാരനല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നുമാണ് പി. ശശി മാതൃഭൂമി ന്യൂസിനോടു പറഞ്ഞത്. “കഴിഞ്ഞ ഏഴു വര്‍ഷവും പാര്‍ട്ടിയോടു കൂറും വിധേയത്വവും പുലര്‍ത്തിയിട്ടുണ്ട്. ഇനി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി പറയും” ശശി പറയുന്നു.

തെറ്റുകാരനല്ലെന്ന് ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വിപ്ലവപ്പാര്‍ട്ടിയില്‍ അംഗമായി തുടരുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റുകാരനും അഭിമാനമുള്ള കാര്യമാണ്. തന്റെ നിരപരാധിത്വത്തിന് കാലമാണ് സാക്ഷി. തനിക്കാരോടും വിദ്വേഷമില്ലെന്നും ശശി കൂട്ടിച്ചേര്‍ക്കുന്നു. തലശ്ശേരി അഭിഭാഷക ബ്രാഞ്ചിലാണ് ശശിക്ക് അംഗത്വം ലഭിക്കുക.


Also Read: അഭിമന്യുവധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ അറസ്റ്റില്‍; കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ്


ലൈംഗികാരോപണക്കേസില്‍ കുറ്റാരോപിതനായിരുന്ന ശശി കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ആരോപണങ്ങളില്‍ നിന്നു വിമുക്തനായതോടെയാണ് ശശിക്ക് പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം നേതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ശശിക്ക് വീണ്ടും അംഗത്വം നല്‍കാന്‍ സി.പി.ഐ.എം സംസ്ഥാന സമിതി തീരുമാനിക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more