കണ്ണൂര്‍: അച്ചടക്കനടപടിക്കു വിധേയനായ സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി വീണ്ടും നേതൃനിരയിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി പി.ജയരാജന്‍ സെക്രട്ടറിയുടെ ചുമതലയൊഴിയുമ്പോഴാണു ജില്ലാ കമ്മിറ്റിയിലേക്കുള്ള ശശിയുടെ മടങ്ങിവരവ്.
സദാചാര ലംഘന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു 2011 ജൂലൈയിലാണു ശശിയെ സി.പി.ഐ.എമ്മില്‍ നിന്നു പുറത്താക്കുന്നത്. പിന്നീട് തലശ്ശേരി ഏരിയക്ക് കീഴില്‍ ബ്രാഞ്ച് അംഗമായാണ് ശശി മടങ്ങി എത്തിയത്.
ടി.പി നന്ദകുമാര്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ കോടതി ശശിയെ 2016ല്‍ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്‍പര്യമറിയിച്ച ശശിക്കു കഴിഞ്ഞ ജൂലൈയിലാണു സി.പി.ഐ.എം അംഗത്വം നല്‍കിയത്. രണ്ടു മാസം മുമ്പ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായി ശശിയെ തിരഞ്ഞെടുത്തിരുന്നു.
അതേസമയം പി.ജയരാജനു പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന സമിതി അംഗം എം.വി.ജയരാജനു നല്‍കാനാണു തീരുമാനം. സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഷുക്കൂര്‍ വധക്കേസില്‍ നേരത്തെ പി.ജയരാജന്‍ അറസ്റ്റിലായപ്പോള്‍ എം.വി ജയരാജന്‍ ജില്ലാ ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ സെക്രട്ടറിക്ക് തൊട്ടുതാഴെയുള്ള അംഗമാണ് എം.വി ജയരാജന്‍. ജില്ലയില്‍നിന്നുള്ള മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെയെല്ലാം ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിര്‍ത്തുകയായിരുന്നു.
സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യമാസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന വിമര്‍ശമുയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജനെ നിയമിച്ചത്.