|

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും: പി.സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് പി.സരിന്‍. പാലക്കാട് ഒറ്റയാളുടെ താത്പര്യത്തിന് വിട്ടുകൊടുക്കരുതെന്നും അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിയെ ബലി കൊടുക്കലാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ സരിന്‍ ഇതാവര്‍ത്തിച്ചാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണമെന്നും എല്ലാവരും ആഗ്രഹിക്കുന്ന തീരുമാനങ്ങള്‍ എടുക്കണമെന്നും ചിലരെ മാത്രം തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളാവരുത് പാര്‍ട്ടി എടുക്കുന്നതെന്നും സരിന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് തിരുത്തിയില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലല്ല, സംഘപരിവാറിനെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയെ ആയിരിക്കും കോണ്‍ഗ്രസ് തോല്‍പ്പിക്കുന്നതെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന് ഗാര്‍ഖെയ്ക്കും കത്തയച്ചുവെന്ന് പറഞ്ഞ സരിന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന് വോട്ട് കിട്ടിയതിനെ കുറിച്ചും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വത്തിന് പ്രാധാന്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ള കടലാസില്‍ അച്ചടിച്ചുവന്നത് കൊണ്ടുമാത്രം സ്ഥാനാര്‍ത്ഥിത്വം പരിപൂര്‍ണമാകുന്നില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും തെറ്റുണ്ടെങ്കില്‍ പാര്‍ട്ടിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്ന് താന്‍ ലെഫ്റ്റ് അടിച്ചിട്ടില്ലെന്നും താന്‍ അങ്ങനെ ലെഫ്റ്റ് അടിച്ച് പോവുന്ന ആളല്ലെന്നും ശരിക്ക് വേണ്ടി ഇറങ്ങി തിരിച്ച ആളാണ് താനെന്നും സരിന്‍ വ്യക്തമാക്കി.

പാലക്കാട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് അഡ്രസ് ചെയ്യണമെന്നും അതിനെതിരായ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തേണ്ടതെന്നും പറഞ്ഞ സരിന്‍ കേരളത്തിന്റെ മതേതര ബോധത്തിന് വേണ്ടിയായിരിക്കണം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ചര്‍ച്ചയും വെറും പ്രഹസനമായിരുന്നുവെന്നും ഒറ്റയാളുടെ താത്പര്യത്തിനാണ് പ്രാധാന്യം നലകിയതെന്നും സരിന്‍ പ്രതികരിച്ചു.

മുന്‍കൂട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചുവെന്നും പാലക്കാട് അനുകമ്പാ വോട്ടുകള്‍ ഉണ്ടെന്നും പറഞ്ഞ സരിന്‍ കോണ്‍ഗ്രസ് ശരിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബി.ജെ.പിക്ക് വോട്ട് ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും പിന്തുടര്‍ച്ചാവകാശത്തിന് ജനം വോട്ട് ചെയ്യില്ലെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് നവംബര്‍ 13ന് മുമ്പ് നടത്താന്‍ അയച്ച കത്തില്‍ അപാകതകളുണ്ടെന്നും പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും അല്ലാതെ ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ ഇട്ടാല്‍ ഹിറ്റായി എന്ന വിചാരം അല്ല വേണ്ടതെന്നും സമൂഹത്തിനെ നേര്‍വഴിക്ക് നയിക്കാന്‍ അറിയണമെന്നും ജയിലില്‍ കഴിയുന്നത് മാത്രമല്ല ത്യാഗമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യപ്രതികരണത്തിന് പാര്‍ട്ടി നടപടി എടുക്കുമെന്നു കരുതുന്നെന്നും 29 വരെ സ്ഥാനാര്‍ത്ഥിത്വത്തിലുള്ള പുനഃപരിശോധനയില്‍ കാത്തിരിക്കുമെന്നും സരിന് പറഞ്ഞതിന് പിന്നാലെ സരിന്റെ പ്രതികരണം അച്ചടക്കലംഘനമാണെന്ന് കെ.പി.സി.സി ചൂണ്ടിക്കാട്ടി.

Content Highlight: p sarin about candidate selection of congress in palakkad

Video Stories