| Sunday, 25th April 2021, 11:18 pm

'ഇനിയും വൈകരുത്, ഏറ്റവും ക്രൂരവും നിന്ദ്യവും മൃഗീയവുമായ അറസ്റ്റായിരുന്നു സിദ്ദീഖ് കാപ്പന്റേത്'; അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രിയോട് പി. സായ്‌നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സിദ്ദിഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കിയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ ഒരംശം പോലും സത്യമില്ലെന്നും സായ്‌നാഥ് കത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായി ഇടപെടണം എന്ന് ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.

താങ്കള്‍ക്ക് അറിയാവുന്നത് പോലെ കാപ്പന്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലാകുന്നത് 2020 ഒക്ടോബര്‍ അഞ്ചിനാണ്. ഹത്രാസില്‍ നടന്ന അനഭിലഷണീയമായ സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹം അവിടെ പോയത്. അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം കഴിഞ്ഞു നവംബര്‍ രണ്ടിന് മാത്രമാണ് കാപ്പന് സ്വന്തം കുടുംബത്തിന് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും അനുവാദം കിട്ടിയത്.

കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നിയോഗിച്ച അദ്ദേഹത്തിന്റെ വക്കീലിന് കാപ്പനുമായി ബന്ധപ്പെടാനും ആഴ്ചകള്‍ കാത്തിരിക്കേണ്ടി വന്നു. പ്രമുഖ മലയാളം പോര്‍ട്ടലുകളിലും മാസികകളിലും എഴുതിയിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ കാപ്പനെ യു.എ.പി.എ ചുമത്തി ദേശദ്രോഹത്തിനും സാമൂഹിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത് എന്നതും താങ്കള്‍ക്ക് അറിവുള്ളതാണ്. മേല്‍പറഞ്ഞ കുറ്റാരോപണങ്ങളില്‍ ഒരംശം പോലും സത്യമില്ലെന്നും സായ്‌നാഥ് പറയുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്ത് നടക്കുന്ന ചിലതരം അറസ്റ്റുകളുടെ സ്വഭാവം ഇത് വെളിവാക്കുന്നുണ്ട്. പൊലീസിന് ആരുടെ മേലും ഗൂഢാലോചന കുറ്റം ആരോപിച്ച് അറസ്റ്റ് നടത്താം. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ആണോ എന്ന് പോലും പൊലീസ് നോക്കാറില്ല. കോടതികളുടെ തീരുമാനം വരാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നതാണ് ഇത്തരം കേസുകള്‍ എടുക്കുന്ന പൊലീസുകാരുടെ സൗകര്യം.

എല്ലാ പൗരാവകാശങ്ങളും ഹനിക്കുന്ന അറസ്റ്റുകളും കരുതല്‍ തടങ്കലുകളും തുറുങ്കില്‍ അടയ്ക്കലുകളും നിര്‍ബാധം തുടരുകയാണ്. തുടര്‍ച്ചയായ കാരാഗ്രഹവാസവും സ്വഭാവഹത്യയും വഴി പോലീസും അധികാരികളും വ്യക്തിയുടെ അവശേഷിക്കുന്ന ആത്മബലം കൂടി ഇല്ലാതാക്കും. ഇത്തരം സംഭവങ്ങള്‍ ആയിരക്കണക്കിന് രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് ഭീതിതമായ ഒരു സന്ദേശമാണെന്നും സായ്‌നാഥ് കത്തില്‍ ചൂണ്ടിക്കാണിച്ചു.

നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണ്. ഈ വര്‍ഷങ്ങളില്‍ ഞാന്‍ കണ്ട ഏറ്റവും അപലപിക്കപ്പെടേണ്ടതും ക്രൂരവും നിന്ദ്യവും മൃഗീയവുമായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് ഇതായിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ലെന്നും സായ്‌നാഥ് പറഞ്ഞു.

കാപ്പനെ മോചിപ്പിക്കാനും നീതിയുറപ്പാക്കാനും കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്നും കേരള സര്‍ക്കാര്‍ ഇനിയും വൈകിക്കാതെ ഈ വിഷയത്തില്‍ ഇടപെടണമെന്ന് അപേക്ഷിക്കുകയാണെന്നും സായ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

ഉത്തരപ്രദേശ് സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കാനും അദ്ദേഹത്തെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇനിയും വിമുഖത കാട്ടരുത്. അങ്ങനെ താങ്കളും താങ്കളുടെ സര്‍ക്കാരും ചെയ്യുന്നു എങ്കില്‍ അത് സിദ്ദിഖ് കാപ്പന്‍ എന്ന മലയാളി മാധ്യമപ്രവര്‍ത്തകന് വേണ്ടി മാത്രമല്ല രാജ്യത്തെങ്ങും ഭീഷണിയും ഭരണകൂട ഭീകരതയും പോലീസ് അതിക്രമങ്ങളും നേരിടുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള വലിയ ഇടപെടലായിരിക്കും. ലോകത്തെ മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം അനുനിമിഷം താഴുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സായ്‌നാഥ് കത്ത് അവസാനിപ്പിക്കുന്നത്.

കത്ത് കിട്ടിയ ഉടന്‍ വിഷയത്തില്‍ ഇടപെടുമെന്നും കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചു കൊണ്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടന്‍ കത്തെഴുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് തന്നെ അറിയിച്ചതായി സായ്നാഥ് അറിയിച്ചു.

നേരത്തെ സിദ്ദിഖ് കാപ്പന് ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും രംഗത്തെത്തിയിരുന്നു.

സിദ്ദിഖ് കാപ്പന്‍ ജയിലില്‍ നരകയാതന അനുഭവിക്കുകയാണെന്ന് ഭാര്യ റൈഹാന പറഞ്ഞിരുന്നു. ജയിലില്‍ നിന്നും വീണ വീഴ്ചയില്‍ താടിയെല്ലിനു പൊട്ടോ, അല്ലെങ്കില്‍ കാര്യമായ മുറിവോ ഉണ്ട്. മുഖം വേദനിച്ചിട്ട് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല, കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത് കൊണ്ട് ടോയ്‌ലറ്റില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കാപ്പന്‍ പറഞ്ഞതായി റൈഹാന ഫേസ്ബുക്കിലൂടെ അറിയിച്ചു. സേവ് സിദ്ദീഖ് കാപ്പന്‍ ക്യാംപെയ്‌നിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കരിദിനം ആചരിക്കുമെന്ന് കെ.യു.ഡബ്ല്യു.ജെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കാപ്പന് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ ഞായറാഴ്ച കത്തയച്ചു.

സിദ്ദിഖ് കാപ്പനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും കത്തില്‍ പ്രതിപാദിക്കുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: P Sainath sends letter to CM Pinarayi Vijayan in Siddique Kappan issue

We use cookies to give you the best possible experience. Learn more