കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഐ.വി ബാബുവിനെ അനുസ്മരിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. ഐ.വി ബാബു സാധാരണക്കാരോട് സഹാനുഭൂതിയുള്ള നല്ലൊരു മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന് പി. സായ്‌നാഥ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇടമലക്കുടിയില്‍ ഐ.വി ബാബുവിനോടൊപ്പം നടത്തിയ ട്രെക്കിങ്ങ് അനുഭവം മറക്കാനാവില്ലെന്നും പി സായ്‌നാഥ് കൂട്ടിച്ചേര്‍ത്തു.
ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാലും ഐ.വി ബാബുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആഴത്തിലുള്ള വായനയും വിമര്‍ശാനാത്മക ചിന്താശേഷിയും തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയാത്ത ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും മനോഹരമായി മറ്റൊരാളോട് വിയോജിപ്പ് അറിയിക്കാനുള്ള കഴിവുള്ള വ്യക്തിയാണ് ഐ.വി ബാബുവെന്ന് ആര്‍ രാജഗോപാല്‍ പറഞ്ഞു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച്ച രാവിലെയാണ് അന്തരിച്ചത്. നിലവില്‍ തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്‌സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ് ബുക്‌സ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അണ്‍ എയ്ഡഡ് കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.
കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം എഴുതിയിരുന്നു. വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ് എന്ന പുസ്തകം ജലയുദ്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതും ഐ.വി ബാബുവാണ്.