ഗാന്ധി വധിക്കപ്പെട്ട ദിവസം മധുരം വിതരണം ചെയ്യുന്ന, ഗോഡ്‌സെയെ വാഴ്ത്തുന്ന പാര്‍ട്ടിയെങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാകും? പി. സായ്‌നാഥ്
national news
ഗാന്ധി വധിക്കപ്പെട്ട ദിവസം മധുരം വിതരണം ചെയ്യുന്ന, ഗോഡ്‌സെയെ വാഴ്ത്തുന്ന പാര്‍ട്ടിയെങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാകും? പി. സായ്‌നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 2:00 pm

ഗാന്ധി വധിക്കപ്പെട്ട ദിവസം മധുരം വിതരണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പങ്കുണ്ടാകുന്നതെങ്ങനെയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. സായ്‌നാഥ്.

ഹിന്ദുത്വവാദികള്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന് നല്‍കിയ ഒരേയൊരു ‘സംഭാവന’ ഗാന്ധിവധമാണെന്നും അതുകൊണ്ടാണ് അവര്‍ 800 വര്‍ഷം പിറകിലേക്ക് പോയി ‘തങ്ങളുടേതായ’ സ്വാതന്ത്ര്യസമര നായകരെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതെന്നും സായ്‌നാഥ് പറഞ്ഞു.

The Last Heroes: Foot Soldiers of Indian Freedom എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചും വ്യാജമായി ഇത്തരം ചരിത്രം നിര്‍മിക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ശ്രമങ്ങളെ കുറിച്ചും ഡൂള്‍ന്യൂസിന് വേണ്ടി മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ഷാജി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ അങ്ങനെയുള്ളവരെ തെരഞ്ഞിരുന്നു. പക്ഷെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമല്ലാത്ത ഒരു കൂട്ടരെ അതില്‍ ഉള്‍പ്പെടുത്താന്‍, അങ്ങനെയൊരു ചരിത്രം അവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ എനിക്കാവില്ല എന്ന് ഞാന്‍ ഒടുവില്‍ മനസിലാക്കി.

മറ്റ് സ്വാതന്ത്ര്യസമര നേതാക്കളോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അവരുടെ മറുപടി വളരെ പുച്ഛത്തോട് കൂടിയായിരുന്നു. ശോഭാറാം ഗഹര്‍വാര്‍ (Shobharam Gaharwar) പറഞ്ഞത്, ‘അവരുടെ ഒരു വിരല്‍ പോലും സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടി മുറിഞ്ഞിട്ടില്ല. ഇങ്ങനെയുള്ളവര്‍ക്ക് എന്ത് ചരിത്രമാണ് ഉണ്ടാകുക’ എന്നായിരുന്നു.

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വളരെ വിശാലമായ ഒരു പൊളിറ്റിക്കല്‍ സ്‌പെക്ട്രം ഉണ്ട്. പക്ഷെ ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രം ഇതില്‍ ഉണ്ടായിരിക്കില്ല. കാരണം അവരിലാരും ഇതിന്റെ ഭാഗമായിരുന്നില്ല.

അതുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ അവര്‍ 800 വര്‍ഷത്തേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയാണെങ്കില്‍ മാത്രം അവര്‍ക്ക് അവരുടെ ഹീറോസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റും.

പക്ഷെ ഈ 800 വര്‍ഷം മുമ്പുള്ള ഇവരുടെ സ്വാതന്ത്ര്യസമര നായകരാരും ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. അതുകൊണ്ട് തന്നെ ഈ ഹിന്ദുത്വവാദികളുടെ പാര്‍ട്ടിയുടെ ഭാഗമായിരുന്നു നിങ്ങള്‍ എന്ന് ഈ സംഘപരിവാറുകാര്‍ ഇപ്പോള്‍ പറയുന്നത് ശരിയാണോ എന്ന് അവരോ നേരിട്ട് ചോദിക്കാന്‍ പറ്റില്ല.

എന്തായിരുന്നു അവരുടെ പങ്ക്? ഹിന്ദുത്വവാദികളുടെ വലിയ ഈ സംഘം സ്വാതന്ത്ര്യസമര ചരിത്രത്തിന് നല്‍കിയ ഒരേയൊരു ‘സംഭാവന’ എന്ന് പറയുന്നത് നമ്മുടെ രാഷ്ട്രപിതാവിന്റെ കൊലപാതകമാണ്. അത് മാത്രമേയുള്ളൂ.

ഇനി ഗോഡ്സെയെ ഇനി ഞാന്‍ സ്വാതന്ത്ര്യസമര സേനാനിയായി പുസ്തകത്തില്‍ അവരോധിക്കണോ ? ഗോഡ്‌സെയെ വാഴ്ത്തുന്ന, ആഘോഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വേറെയുണ്ട്.

ജനുവരി 30ന് ഗാന്ധി കൊല്ലപ്പെട്ട ദിവസം അവര്‍ മധുരം വിതരണം ചെയ്യുന്നു. മഹാത്മാ ഗാന്ധിയുടെ പ്രതിമകള്‍ മാറ്റി പകരം അവിടെ ഗോഡ്‌സെയുടെ പ്രതിമകള്‍ വെക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എങ്ങനെയാണ് ഇങ്ങനെയുള്ളവര്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുക?,” സായ്‌നാഥ് പറഞ്ഞു.

Content Highlight: P Sainath about Indian freedom struggle and the contribution of Sanghparivar to it