| Monday, 17th September 2018, 8:34 pm

തെരെഞ്ഞെടുപ്പ് കാലത്ത് പലതും പറയും, അതൊക്കെ ആരെങ്കിലും കാര്യമാക്കുമോ; പെട്രോള്‍ വിലയെക്കുറിച്ച് പി.എസ് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. പെട്രോള്‍ വില 50 രൂപയായി കുറയ്ക്കുമെന്ന ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന വാഗ്ദാനങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇവിടെ എന്തെല്ലാം വാഗ്ദാനങ്ങള്‍ നടത്തിയിട്ടുണ്ട്, ശ്രീധരന്‍ പിള്ള ചോദിച്ചു.


ALSO READ: അഭിമന്യു വധം; 8 പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്


പെട്രോള്‍ വില കുറയ്ക്കാന്‍ കഴിയുന്ന എല്ലാം ചെയ്യുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കാന്‍ പോവുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു. ശ്രീധരന്‍ പിള്ള പറഞ്ഞു.

പത്തനംതിട്ട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള അഭിപ്രായപ്രകടനം നടത്തിയത്.


ALSO READ: പ്രകാശ് അംബേദ്കര്‍ സ്വന്തം സമുദായത്തെ വഞ്ചിക്കുന്നു: ഇത്തിഹാദുല്‍ മുസ്‌ലിമീന്‍-ബാരിപാ ബഹുജന്‍ മഹാസംഘ് സഖ്യത്തിനെതിരെ ശിവസേന


രാജ്യത്ത് പെട്രോള്‍ വില അനിയന്ത്രിതമായി കുതിയ്ക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ വില 90 കടന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളോട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടാന്‍ ആവില്ലെന്നും, അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

വലിയ വിമര്‍ശനങ്ങളാണ് ബി.ജെ.പി നേതൃത്വം വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നേരിടുന്നത്. പ്രതിപക്ഷകക്ഷികള്‍ ഇതിനെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more