കൊച്ചി: ശബരിമല നട തുറക്കുന്ന ദിവസങ്ങളില്‍ വിശ്വാസികള്‍ നടത്തുന്ന എന്ത് സമരത്തിനും ബി.ജെ.പി പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.
അതേസമയം, ബി.ജെ.പിക്ക് അവസരം ലഭിച്ചാല്‍ ശബരിമലയിലെ ചടങ്ങുകള്‍ മലഅരയര്‍ക്കും മറ്റു ആദിവാസികള്‍ക്കും തിരിച്ചു നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മലഅരയരെ ശബരിമലയില്‍ നിനും അകറ്റിയത് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമാണെന്ന് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് വന്നതിന് ശേഷമാണ് മലഅരയരെ ശബരിമലയില്‍ നിന്ന് അകറ്റിയതെന്നും ഇതില്‍ പ്രധാന ഉത്തരവാദിത്തം സി.പി.ഐ.എമ്മിനാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
“ശബരിമലയിലെ ഉപവാസ സമരം വന്‍ വിജയമായിരുന്നു. സി.പി.ഐ.എം കുടുംബങ്ങളില്‍ നിന്നു പോലും ആളുകള്‍ ഉപവാസത്തില്‍ പങ്കെടുത്തു. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ സി.പി.ഐ.എം നേതാക്കന്മാര്‍ വേദിയില്‍ എത്തും”- ശ്രീധരന്‍പിള്ള പറഞ്ഞു.
ഏറ്റമുട്ടലിന്റെ പാതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. “മുന്‍കാലങ്ങളില്‍ വന്ന സുപ്രീം കോടതി വിധികളില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ വിലയിരുത്തപ്പെടണം. മറ്റ് പല വിധികളിലും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ അനന്യത ഇല്ലാതാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.ഐ.എമ്മിന്റെ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തെ പിരിച്ചുവിടാന്‍ സി.പി.ഐ.എം തയ്യാറാവണം. അമ്പലങ്ങളില്‍ കാണിക്കയിടരുതെന്ന് തീരുമാനം ബി.ജെ.പി എടുത്തിട്ടില്ല. മറിച്ചുള്ളത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും” ശ്രീധരന്‍ പിള്ള വ്യക്തമാക്കി.