തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ കെ.സി. വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായ പാലോട് രവിക്കെതിരെയും വീണ്ടും വിമര്‍ശനവുമായി പി.എസ്. പ്രശാന്ത്.
ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സഹിക്കാന്‍ കഴിയാത്ത മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നെന്നും ഇനിയും ഈ പ്രസ്ഥാനത്തില്‍ തുടരാന്‍ തനിക്ക് സാധിക്കില്ലെന്നും പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
കെ.സി. വേണുഗോപാലിനെതിരെ ഞാന്‍ എന്തിന് കത്തയച്ചു എന്നതാണ് ചോദ്യം. ഞാന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാന്‍ പാനൂര്‍ രവിക്കെതിരെ ആദ്യത്തെ പത്രസമ്മേളനമാണ് അന്ന് നടത്തിയത്. പാനൂര്‍ രവിയെന്ന ഒരു വ്യക്തിയുടെ പേര് പറഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളിന് പ്രൊമോഷന്‍ കൊടുക്കുന്നത് സംഘടനാപരമായി ശരിയല്ല എന്നാണ് പറഞ്ഞത്. അന്നും അച്ചടക്കം ലംഘിക്കുന്ന ഒരു വര്‍ത്തമാനവും ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്ന് ബി.ജെ.പി ഇതര മതേതര കക്ഷികള്‍, സി.പി.ഐ.എം പോലും ആഗ്രഹിക്കുന്ന സമയത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പറ്റുന്ന തരത്തിലേക്ക് ചില പ്രവര്‍ത്തനങ്ങള്‍ പോകുന്നത് കണ്ടിട്ടാണ് അത്തരമൊരു കത്തയച്ചത്.
കേരളത്തില്‍ സംഘടനാപ്രശ്‌നങ്ങളുടെ മൂലകാരണം കെ.സി വേണുഗോപാലാണ്. അതാണ് എന്റെ പ്രധാന ആരോപണം. അദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത ഒരാളെയും അദ്ദേഹം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എ.വി ഗോപിനാഥിന് പാര്‍ട്ടി വിട്ടുപോകേണ്ടി വന്നല്ലോ. കെ. സുധാകരന്‍ അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരുന്നതാണ്. ആ ഉറപ്പ് പാലിക്കാന്‍ പറ്റാത്തിരുന്നത് അതിന്റേയും മേലെ സമ്മര്‍ദ്ദം വന്നതുകൊണ്ടാണ്.
വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് എന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെ.പി.സി.സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രമോഷന്‍ നല്‍കി.
എന്നെ വെച്ച് പാര്‍ട്ടി പരിപാടികള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തുക, എന്നോടൊപ്പം നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, കെ.എസ്.യു പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുക, വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അപമാനിക്കുക. ഇങ്ങനെയൊക്കെയുള്ള മാനസിക പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയായി.
തെരഞ്ഞെടുപ്പ് സമയത്ത് തന്റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചെന്ന പാലോട് രവിയുടെ വാദം പച്ചക്കള്ളമാണ്. പാലോട് രവി കുമ്പിടിയാണ്. നല്ല അഭിനേതാവാണ്. ഓസ്‌കാറിന് അര്‍ഹതയുണ്ട്. തന്നെ തോല്‍പിക്കണമെന്ന് രവി പലരേയും വിളിച്ചു പറഞ്ഞിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ആരോപിച്ചു.
നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്. പ്രശാന്ത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അറിയിച്ചത്.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും എന്നാല്‍, തെറ്റുതിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.