കോഴിക്കോട്: ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ തത്സമയ സംപ്രേഷണം നടത്തുകയാണെങ്കില്‍ ദൂരദര്‍ശന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കവികളായ പി. രാമനും അന്‍വര്‍ അലിയും.
ജനാധിപത്യത്തിന്റെ തറക്കല്ലിളക്കുന്ന ആഗസ്റ്റ് 5 പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറാത്ത പക്ഷം ദൂരദര്‍ശന്‍ സംഘടിപ്പിക്കുന്ന ഒരു കവിതാ-സാഹിത്യ-സാംസ്‌കാരിക പരിപാടിയിലും ഇനി പങ്കെടുക്കില്ല എന്നാണ് പി രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
രാമന്റെ പോസ്റ്റിന് പിന്നാലെ തീരുമാനത്തിന് പിന്തുണയുമായി കവി അന്‍വര്‍ അലിയും രംഗത്തെത്തി.
മസ്ജിദ് പൊളിച്ചിടത്ത് മന്ദിര്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ തല്‍സമയ സംപ്രേഷണം നടത്തുകയാണെങ്കില്‍ ദൂര്‍ദര്‍ശന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന പി.രാമന്‍ പ്രഖ്യാപിച്ചതിനൊപ്പം താനുമുണ്ടെന്നാണ് അന്‍വര്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചത്.
കേരളത്തിലേയും എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും വെളിവുള്ള എല്ലാ എഴുത്തുകാരും മറ്റു കലാകാരന്മാരും ധൈഷണികരും സമാനമായ തീരുമാനമെടുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അന്‍വര്‍ അലി കുറിച്ചു.
നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് നടത്തുന്ന ‘ ഭൂമിപൂജ’ ചടങ്ങ് ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ആയ ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ മറ്റേതൊരു പരിപാടിപോലെയും ഭൂമി പൂജയും ഉള്‍പ്പെടുത്തുമെന്നാണ് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക