| Thursday, 30th June 2022, 9:19 pm

'ഞങ്ങള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാല്‍ ആക്രമണം, നിങ്ങള്‍ വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ പ്രതിഷേധം'; മാധ്യമപരിലാളനയില്‍ യു.ഡി.ഫിന് പ്രിവിലേജുകളുണ്ടെന്ന് പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപരിലാളനയില്‍ കേരളത്തിലെ യു.ഡി.ഫിന് ചില പ്രിവിലേജുകളുണ്ടെന്ന് മന്ത്രി പി. രാജീവ്. എല്‍.ഡി.എഫിന്റെ പ്രകടനം അക്രമമായും യു.ഡി.എഫ് എന്തെങ്കിലും അടിച്ചുതകര്‍ത്താല്‍ അത് പ്രതിഷേധമായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും പി. രാജീവ് പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു രാജീവിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ വിമാനത്തിനകത്തുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് പ്രതിഷേധമാണ്. മറിച്ച് എല്‍.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ഒരു ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയാല്‍ അത് ആക്രമണമായി ആകും മാധ്യമങ്ങള്‍ കാണുക. ഞങ്ങള്‍ സമരം നടത്തുമ്പോള്‍ അത് പൊലീസുമായുള്ള ഏറ്റുമുട്ടലാകും. ഇവര്‍ സമരം നടത്തുമ്പോള്‍ പൊലീസ് അതിക്രമണമാകും. ഈ പരിലാളനം യു.ഡി.എഫിനുണ്ടെന്നും പി. രാജീവ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ എം.എല്‍.എയായിരുന്ന പി.കെ. അബുദുല്‍ ഖാദര്‍. രണ്ടാം കേരള നിയസഭയില്‍ അംഗമായിരുന്നു. 1971ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചായിരുന്നു എം.എല്‍.എയായിരുന്ന അദ്ദേഹം രാജിവെച്ചത്. പിന്നീട് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

1971 സെപ്റ്റംബര്‍ 17ന് അദ്ദേഹത്തെ നിങ്ങള്‍ വെടിവെച്ചുകൊന്നു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു അയമു എന്ന് പറയുന്ന മത്സത്തൊഴിലാളി സഖാവിനെയും വെടിവെച്ചുകൊന്നു. രാഷ്ട്രീയം മാറിയതിന്റെ പേരിലാണ് എം.എല്‍.എയായിരുന്നയാളെ തോക്കുപയോഗിച്ച് വെടിവെച്ചുകൊന്നത്. ഇങ്ങനെയുള്ള ഒരു ചരിത്രം കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മാത്രമാണുള്ളത്. പക്ഷെ മാധ്യമപരിലാളനയുള്ളതിനാല്‍ ഇതൊന്നും ചര്‍ച്ചയാകില്ല. എം.എല്‍.എ ആയിരിക്കെ സഖാവ് കുഞ്ഞാലിയെ വെടിവെച്ച് കൊന്നതും നിങ്ങളാണെന്നും രാജീവ് കുറ്റപ്പെടുത്തി.

CONETNT HIGHLIGHTS: P.Rajeev the UDF had privileges in media coverage

We use cookies to give you the best possible experience. Learn more