തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ ഐ.എന്‍.എസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് പി. രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിക്രാന്ത് ഇന്ത്യയുടെ വ്യവസായോല്‍പ്പാദനത്തിലെ ചരിത്ര സന്ദര്‍ഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിര്‍മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിര്‍മാണത്തില്‍ നേരിട്ട് പങ്കാളികളായത്. അതില്‍ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോണ്‍ട്രാക്ട് തൊഴിലാളികളുമുണ്ട്’. സ്ഥിരം തൊഴിലാളികള്‍ക്ക് സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും ബി.എം.എസും ഉള്‍പ്പെടെയുള്ള യൂണിയനുകളുണ്ട്.
കോണ്‍ട്രാക്ട് തൊഴിലാളികള്‍ സി.ഐ.ടി.യു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്‍ഡ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. മാനേജ്‌മെന്റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.
ഇതുകൂടാതെ നൂറോളം എം.എസ്.എം ഇ യുണിറ്റുകള്‍ നിര്‍മാണത്തില്‍ കൈകോര്‍ത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികള്‍ പണിയെടുത്തു. നമ്മുടെ സമ്പദ്ഘടനയെ ഇത് ചലിപ്പിച്ചുവെന്നും പി. രാജീവ് പറഞ്ഞു.
‘ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ തൊഴില്‍ അന്തരീക്ഷത്തില്‍ കേരളത്തില്‍ കണ്ടെന്നു വരാം. അവയെ ശക്തമായി വിമര്‍ശിക്കാം. നാടിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അവ തിരുത്താന്‍ ശക്തമായി ഇടപ്പെടണം.
എന്നാല്‍, അതോടൊപ്പം ഇതുകൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിന്റെ നിര്‍മാണം വ്യക്തമാക്കുന്നു . നമുക്ക് അത് ഒരേ ശബ്ദത്തോടെ, ഒരേ മനസോടെ ലോകത്തോട് വിളിച്ചു പറയാം,’ പി. രാജീവ് പറഞ്ഞു
CONTENT HIGHLIGHTS: P. Rajeev says those who are spreading the word that nothing will happen in Kerala should see INS Vikrant, the country’s pride