തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ ഐ.എന്‍.എസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് പി. രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിക്രാന്ത് ഇന്ത്യയുടെ വ്യവസായോല്‍പ്പാദനത്തിലെ ചരിത്ര സന്ദര്‍ഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിര്‍മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിര്‍മാണത്തില്‍ നേരിട്ട് പങ്കാളികളായത്. അതില്‍ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോണ്‍ട്രാക്ട് തൊഴിലാളികളുമുണ്ട്’. സ്ഥിരം തൊഴിലാളികള്‍ക്ക് സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും ബി.എം.എസും ഉള്‍പ്പെടെയുള്ള യൂണിയനുകളുണ്ട്.
കോണ്‍ട്രാക്ട് തൊഴിലാളികള്‍ സി.ഐ.ടി.യു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്‍ഡ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. മാനേജ്‌മെന്റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.