| Wednesday, 15th June 2022, 3:01 pm

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ കേരളം ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത്: പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍(ജി.എസ്.ഇ.ആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനം നേടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്.

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ സാധിച്ചതെന്ന് രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി. രാജീവിന്റെ പ്രതികരണം.

‘താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2020ലെ റിപ്പോര്‍ട്ടില്‍ ലോക റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.

ഈ നേട്ടത്തിന് പുറമെ വെഞ്ച്വര്‍ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയില്‍ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വര്‍ നിക്ഷേപങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഫാബ് ലാബുകളും എം.എസ്.എം.ഇ ക്ലസ്റ്ററുകളും വലിയ രീതിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപനത്തിന് സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു,’ മന്ത്രി രാജീവ് അറിയിച്ചു.

ഇതിനൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വലിയ ഇളവുകള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ് മേഖലയില്‍ നിക്ഷേപത്തിന് അനുയോജ്യമാണ് കേരളത്തിലെ സാഹചര്യമെന്ന റിപ്പോര്‍ട്ടിലെ വാക്കുകള്‍ അന്താരാഷ്ട്ര കമ്പനികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായകമാകുമെന്നും പി. രാജീവ് പറഞ്ഞു.

 Content Highlights: P. Rajeev says Kerala tops Asia in Global Startup Ecosystem Report 
We use cookies to give you the best possible experience. Learn more