തിരുവനന്തപുരം: മധു വധക്കേസില്‍ പ്രതികള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയത് പാലിക്കപ്പെട്ടുവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ചില സാക്ഷികള്‍ കൂറുമാറിയിട്ടും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ ജനങ്ങള്‍ക്ക് നീതിന്യായവ്യവസ്ഥയെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ സാധിക്കുന്ന വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതിമുറിയില്‍ സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങളെ മൂര്‍ച്ചയേറിയ വാദങ്ങളിലൂടെ ഇല്ലാതാക്കിയ പ്രോസിക്യൂഷനെ അഭിനന്ദിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.
മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ എപ്പോഴുമുണ്ടായിരുന്നുവെന്നും അട്ടപ്പാടി മധുവധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്ന വ്യാജപ്രചരണം നടത്തിയവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി. രാജീവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മധുവിന് നീതി. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മരണപ്പെട്ടപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മധുവിന്റെ വീട് സന്ദര്‍ശിച്ചുകൊണ്ടാണ് മധുവിന്റെ കൊലയാളികള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പ് നല്‍കിയത്. ഈ ഉറപ്പ് പാലിക്കപ്പെടുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പറഞ്ഞ മധുവിന്റെ അമ്മയ്ക്ക് നീതിന്യായ പോരാട്ടത്തിനൊടുവില്‍ നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. കേസിലെ 16 പ്രതികളില്‍ ഒന്നാം പ്രതിയും രണ്ടാം പ്രതിയുമടക്കം 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 304(2) പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്.
പഴുതടച്ച അന്വേഷണം നടത്തി ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് മെയ് മാസത്തില്‍ തന്നെ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മധുവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ കേസില്‍ പ്രാേസിക്യൂഷന്‍ മുഖ്യമായും ആശ്രയിച്ചത് ഡിജിറ്റല്‍ തെളിവുകളെയാണ്. പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങളും കേസില്‍ നിര്‍ണായകമായി. ചില സാക്ഷികള്‍ കൂറുമാറിയിട്ടും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ കോടതിയിലെ വാദങ്ങള്‍ക്ക് സാധിച്ചു.