കോഴിക്കോട്: ഭരണഘടന സംരക്ഷണം ഓരോ പൗരന്റെയും അവകാശമാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ അപകടകരമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപെട്ടു. കേരള ലിറ്ററേചർ ഫെസ്റ്റിന്റെ മൂന്നാം ദിവസം അക്ഷരം വേദിയിൽ നടന്ന ‘ഭരണഘടന: ചരിത്രവും സംസ്കാരവും’ എന്ന ചർച്ചയിൽ എൻ . ഇ. സുധീറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്‌തകമായ ‘India that is Bharath; An Introduction to the Constitutional Debate’ നെ മുൻനിർത്തിയുള്ള ചർച്ചയിൽ ഇന്ത്യ ഹിന്ദുസ്ഥാൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ രൂപീകരണത്തെ കുറിച്ചും ഭരണഘടനയിൽ ഉൾപെടുത്തിയ വിവിധ വ്യവസ്ഥകളുടെ ആവിർഭാവത്തെ കുറിച്ചും പി. രാജീവ് ചർച്ചയിൽ സംസാരിച്ചു. അമേരിക്ക, ബ്രിട്ടൻ, അയർലന്റ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്ന് കടമെടുത്ത ഒരുപാട് വ്യവസ്ഥകൾ കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യൻ ഭരണഘടന നിർമ്മിച്ചത് എന്ന് പറഞ്ഞ അദ്ദേഹം ‘we’ എന്ന വാക്കിന് അമേരിക്കൻ ഭരണഘടനയിലും ഇന്ത്യൻ ഭരണഘടനയിലും ഉള്ള അർത്ഥവ്യത്യാസങ്ങളെ കുറിച്ചും അവയിൽ കാലാതീതമായി ഉണ്ടായ മാറ്റങ്ങളെ കുറിച്ചും വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് ‘കേശവാനന്ദി ഭാരതി കേസ്’ മുൻനിർത്തി വിശദീകരിച്ച അദ്ദേഹം നിലവിൽ മതനിരപേക്ഷത പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപെട്ടു. ക്ഷേത്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാന മന്ത്രിയും, പാർലിമെന്റ് ഉദ്ഘാടനത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട പ്രസിഡന്റും അതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീർ വിഷയത്തിൽ, ആർട്ടിക്കിൾ 370 ഉദ്ധരിച്ച് കൊണ്ട് ഫെഡറിലിസം പതിയെ ഇല്ലാതാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണറെ കുറിച്ചുള്ള ചോദ്യത്തിന് “It is only an ornamental post” എന്ന അംബേദ്ക്കറുടെ വാചകമാണ് അദ്ദേഹം മറുപടിയായി നൽകിയത്.
നിലവിലുള്ള ഭരണഘടന ആർ.എസ്.എസ് ൻ്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നതിന് എതിരാണെന്നും, അതുകൊണ്ടാണ് ഭരണഘടനയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അവർ ആസൂത്രണം ചെയ്യുന്നതെന്നും, കേരളം മാത്രമാണ് ഏകാധിപത്യപരമല്ലാതെ ഭരണഘടനാസംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.