തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി മെട്രോക്ക് ഇടത് എം.പിമാര്‍ നടത്തിയ സമരം ഓര്‍മിപ്പിച്ച് മന്ത്രി പി. രാജീവ്. ഇന്നത്തെ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് അന്നത്തെ സംഭവം ഓര്‍ത്തു പോയതെന്നും പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞങ്ങളും കുറച്ചു കാലം പാര്‍ലമെന്റ് അംഗങ്ങളായി ദല്‍ഹിയിലുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ അന്നത്തേതാണ്. കൊച്ചി മെട്രോക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇടതു എം.പിമാര്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ നടത്തിയ സത്യഗ്രഹങ്ങളുടെ ചിത്രങ്ങളാണ് രണ്ടെണ്ണം.
പാര്‍ലമെന്റില്‍ പ്രത്യേക പരാമര്‍ശങ്ങളിലൂടെ ഉന്നയിച്ചതിന്റേതാണ് മറ്റു രണ്ടു രേഖകള്‍. ഇതു കൂടാതെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനും ഞാന്‍ ജനറല്‍ കണ്‍വീനറുമായി പ്രവര്‍ത്തിച്ച കൊച്ചി നഗര വികസന സമിതി മെട്രോക്കായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. അന്ന് കേരളവും കേന്ദ്രവും ഭരിച്ചിരുന്നത് കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരുകളായിരുന്നു.
പ്രായാധിക്യം വകവെയ്ക്കാതെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അന്ന് ദല്‍ഹിയിലേക്ക് വന്നു. അദ്ദേഹവും ഞാനും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ നേരില്‍ കണ്ടതും മെട്രോക്ക് അനുമതി തേടിയായിരുന്നു. ഇന്നത്തെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍ത്തു പോയി,’ പി. രാജീവ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, ലോക്‌സഭാ ചേരുന്നതിന് മുന്നോടിയായി സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ ദല്‍ഹി പൊലീസിന്റെ മര്‍ദനമേറ്റു.
രാവിലെ 11 മണിക്ക് ലോക്സഭ ചേരാനിരിക്കെ യു.ഡി.എഫ് എം.പിമാര്‍ നടത്തിയ പ്രതിഷേധമാണ് പൊലീസ് അക്രമത്തിലൂടെ തടഞ്ഞത്.
വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി എം.പിമാര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു പൊലീസ് തടഞ്ഞതും എം.പിമാരെ മര്‍ദിച്ചതും.
ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, കെ. മുരളീധരന്‍ എന്നിവരടക്കമുള്ള എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.