| Thursday, 4th April 2024, 9:34 pm

പ്രത്യേകമായി ഒരു മതത്തിനെതിരെ വിദ്വേഷം പരത്തുന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാർഹം: പി രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദൂരദര്‍ശന്‍ ചാനലില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും കേരള വിരുദ്ധമാണെന്ന് പി. രാജീവ് പറഞ്ഞു. പ്രത്യേകമായി ഒരു മതത്തിനെതിരെ വിദ്വേഷം പരത്തുന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്താണ് ആസൂത്രിതമായ രീതിയില്‍ വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരു സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്റ്റോറി റിലീസായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്ക് നേരെ മോശം സമീപനം ഉണ്ടായിട്ടുണ്ട്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമെന്ന കേരളത്തിന്റെ സല്‍പ്പേരിന് കോട്ടം വരുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഈ സിനിമയ്ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ നീക്കത്തിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.

അതേസമയം കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. തീരുമാനം കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും കേരളത്തോടുമുള്ള വെല്ലുവിളിയാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് ദി കേരള സ്റ്റോറിയുടെ സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒ.ടി.ടിയില്‍ എത്തിയത്. എന്നാല്‍ സിനിമ വന്‍ വിവാദങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.

Content Highlight: P Rajeev protested against the showing of ‘The Kerala Story’ on Doordarshan channel

We use cookies to give you the best possible experience. Learn more