| Thursday, 13th August 2020, 5:38 pm

ജനാധിപത്യപരമായ പ്രശ്‌നത്തെ ഒരു വ്യക്തിയോടുള്ള ഏറ്റുമുട്ടലായി ചുരുക്കുന്നത് ഏതു താല്‍പര്യമാണ്?; മനോരമ റിപ്പോര്‍ട്ടിനെതിരെ പി.രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സി.പി.ഐ.എം വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മലയാള മനോരമ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെതിരെ പാര്‍ട്ടി നേതാവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവ്. തുടര്‍ച്ചയായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചപ്പോഴാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് രാജീവ് പറഞ്ഞു.

‘ദേശാഭിമാനി ചീഫ് എഡിറ്ററും ചാനല്‍ അവതാരകനുമായുള്ള ഏറ്റുമുട്ടലാണ് ആ ചാനല്‍ തന്നെ ബഹിഷ്‌കരിക്കുന്ന തീരുമാനമെടുക്കാന്‍ പാര്‍ടിയെ ഈയിടെ പ്രേരിപ്പിച്ചത് ‘. എന്നാണ് മനോരമ പറയുന്ന ‘ഏറ്റുമുട്ടല്‍’ നടന്നത്? ജൂലായ് 14 ന്റെ ന്യൂസ് അവറില്‍ അത് കാണാന്‍ കഴിയും’


ജൂലായ് 14 ന് ശേഷം 15,16,17,18,19 തിയതികളിലും സി.പി.ഐ.എം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ക്ഷണം സ്വീകരിച്ച് എത്തുന്നവരെ അവതാരകര്‍ തന്നെ ട്വിറ്ററില്‍ ന്യായീകരണ തൊഴിലാളികള്‍ എന്ന് അധിക്ഷേപിക്കുന്നതും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ജൂലായ് 20ന് പാര്‍ടി ഔദ്യോഗിക പേജില്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ഇന്നു മലയാള മനോരമയില്‍ സുജിത് നായരുടെ കോളത്തില്‍ ഒരു പരാമര്‍ശം കണ്ടു. ‘ദേശാഭിമാനി ചീഫ് എഡിറ്ററും ചാനല്‍ അവതാരകനുമായുള്ള ഏറ്റുമുട്ടലാണ് ആ ചാനല്‍ തന്നെ ബഹിഷ്‌കരിക്കുന്ന തീരുമാനമെടുക്കാന്‍ പാര്‍ടിയെ ഈയിടെ പ്രേരിപ്പിച്ചത് ‘ എന്നാണ് മനോരമ പറയുന്ന ‘ഏറ്റുമുട്ടല്‍’ നടന്നത്? ജൂലായ് 14 ന്റെ ന്യൂസ് അവറില്‍ അത് കാണാന്‍ കഴിയും.

ഏറ്റുമുട്ടലാണോ അല്ലയോ എന്ന് കാണുന്നവര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ , മനോരമ ആധികാരികമായി പ്രസ്താവിക്കുന്നതു പോലെയാണെങ്കില്‍ 15 ന് ബഹിഷ്‌കരിക്കേണ്ടതല്ലേ? അന്നു സി പി ഐ എം പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. യൂ ട്യൂബില്‍ 16 ന്റെ സൂസ് അവര്‍ കാണുകയാണെങ്കില്‍ ഏറ്റുമുട്ടി എന്ന് മനോരമ പറഞ്ഞ അതേ ചീഫ് എഡിറ്റര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അപ്പോള്‍ ഇദ്ദേഹം എഴുതിയതിന് വസ്തുതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? കഴിഞ്ഞില്ല , 17 നും 18 നും 19നും സി പി ഐ എം പ്രതിനിധികള്‍ ന്യൂസ് അവറില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ ചാനലിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നവരെ അവതാരകര്‍ തന്നെ ട്വിറ്ററില്‍ ന്യായീകരണ തൊഴിലാളികള്‍ എന്ന് അധിക്ഷേപിക്കുന്നതും കാണാം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ജൂലായ് 20ന് പാര്‍ടി ഔദ്യോഗിക പേജില്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത്.

ഇതെല്ലാം വിശദീകരിച്ച് പാര്‍ടി സെക്രട്ടറി ലേഖനമെഴുതുകയും ചെയ്തു. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള അധിക്ഷേപമാ ഏറ്റുമുട്ട ലോ അല്ല ചാനലിന്റെ സി പി ഐ എമ്മിനോടുള്ള സമീപനമാണ് തീരുമാനത്തിലേക്ക് എത്തിച്ചത് . നിലപാട് വ്യക്തമാക്കാന്‍ ചര്‍ച്ചകളില്‍ അനുവദിക്കാത്ത ജനാധിപത്യവിരുദ്ധതയോടുള്ള പ്രതികരണമാണ്.

ഇത്രയും വ്യക്തതയോടെ പൊതുമണ്ഡലത്തിലുള്ള ഒരു പ്രശ്‌നത്തെ ഏതെങ്കിലും വ്യക്തിയോടുള്ള ഏറ്റുമുട്ടലിനോടുള്ള പ്രതികരണമായി ചുരുക്കുന്നത് ഏതു താല്‍പര്യമാണ്?

ഇത് ആധികാരികമായി വ്യക്തമാക്കുന്നത് ആഗസ്ത് 12 ന്റെ മനോരമ എഡിറ്റോറിയലിന്റെ ഒരു വാചകം കൂടി പരിഗണിച്ചാണ്. ‘ ആധികാരികത ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ വ്യാജ വാര്‍ത്തകളും നിന്ദ്യ വാര്‍ത്തകളും അയക്കുന്നവര്‍ അത് അവസാനിപ്പിക്കുമെന്നാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത് ‘ ഈ വാക്കുകള്‍ അച്ചടിക്കുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് കൂടി ബാധകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Rajeev Deshabhimani Asianet News Malayala Manorama

Latest Stories

We use cookies to give you the best possible experience. Learn more